ഇരുതലമൂരിക്ക് മാര്‍ക്കറ്റില്ല, മന്ത്രവാദത്തിനായി അണലി ഇറാഖില്‍ നിന്നും?

ശനി, 8 ജൂണ്‍ 2013 (20:19 IST)
PRO
ഉടലനങ്ങാത്ത ധനസമ്പാദനത്തിനും‌. നാഗമാണിക്യം കണ്ടുപിടിക്കാനും ഇല്ലാത്ത നിധിശേഖരം കണ്ടെത്താനും ഒരു ചരടുകൊണ്ട് ഭാഗ്യം വരുത്തുവാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തിന് അവസാനമില്ലെന്ന് തെളിയിക്കുകയാണ് പുതിയവാര്‍ത്തകള്‍. ഇരുതലമൂരിയെപ്പോലെ തന്നെ ഇറാക്കിലെ പ്രത്യേക പ്രദേശങ്ങളില്‍ കാണപ്പെടുന്ന അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍പ്പോലും ഡിമാന്‍ഡ് കൂടുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ഇറാക്ക് ടെലിവിഷന്‍ ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ലക്ഷം ദിനാര്‍ വരെ ഒരു പാമ്പിന് മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ടെന്നാണ് പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാര്‍ പറയുന്നത്. വളരെ അപകടകരമായ ഒരു ദുര്‍മന്ത്രവാദത്തിനാണ് അപൂര്‍വയിനമായ ഇവയെ തങ്ങള്‍ ഇപ്പോള്‍ പിടികൂടി നല്‍കുന്നതെന്നും അബു വഗാദ് അല്‍ ക്വൈസി എന്ന പാമ്പ് പിടുത്തക്കാ‍രന്‍ പറയുന്നു.

ചികിത്സാ ആവശ്യങ്ങള്‍ക്കായി മുന്‍പ് ഈ പാമ്പിനെ ഉപയോഗിക്കുമായിരുന്നെങ്കിലും ഇപ്പോഴാണ് കൃഷിയിടങ്ങളില്‍ ശല്യമായ ഈ പാമ്പുകള്‍ക്ക് ഇത്രയും വില ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പാമ്പിന് ഒരു മില്യണ്‍ ദിനാര്‍ വില ലഭിക്കുമെന്നും ബാഗ്ദാദില്‍ നിന്നുമുള്ള ബിസിനസുകാര്‍ കൂടുതല്‍ ഇവയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മാരകവിഷമുള്ള ഇവയെ പിടികൂടുന്നത് അപകടകരമാണെന്ന് പ്രമുഖ ഗവേഷകന്‍ ആല മുസ പറയുന്നു. ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാനും, വിട്ടുമാറാത്ത രോഗങ്ങള്‍ അകറ്റാനും ജിന്നിനെ തുരത്താനുമാണത്രെ ഇന്ത്യയില്‍ ഇവയെ ഉപയോഗിക്കുന്നതെന്ന് വുഡു വിദഗ്ദനായ അബുവാഫ പറഞ്ഞതായി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

"എന്നില്‍ ഔഷധഗുണമില്ല... എന്നെ കൊല്ലരുത്‌... ജീവിക്കാന്‍ അനുവദിക്കു..." എന്നു പറഞ്ഞു കരികുരങ്ങിന്റെ പടം വെച്ച്‌ പണ്ട് പോസ്റ്ററുകള്‍ കണ്ടിരുന്നു. കരിങ്കുരങ്ങ് രസായനപ്രേമികളായിരുന്നു ഇങ്ങനെയൊരു പോസ്റ്റര്‍ അടിക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്. എളുപ്പത്തില്‍ ഫലം ലഭിക്കാനും ഭാ‍ഗ്യാന്വേഷണങ്ങള്‍ക്കും സ്വത്തുസമ്പാദനങ്ങള്‍ക്കുമുള്ള ഈ ശ്രമങ്ങള്‍ പലപ്പോഴും കുറ്റകൃത്യങ്ങളിലാണ് അവസാനിച്ചത്.


കാശുണ്ടാക്കാന്‍ വെള്ളിമൂങ്ങയെന്ന കള്ളമൂങ്ങ- അടുത്ത പേജ്

PRO
വെള്ളി മൂങ്ങയെന്ന കള്ളമൂങ്ങ


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുണ്ടെന്ന്‌ അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തു വളര്‍ന്ന ബിസിനസ്‌ ശൃംഖലയാണ്‌ വെള്ളമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ എന്നിവയുടെ കച്ചവടം. ഇവയുടെയെല്ലാം പ്രധാന ആവശ്യക്കാര്‍ ആരാണെന്നും ഉപയോഗമെന്തെന്നും ഇപ്പോഴും വ്യക്തമല്ല എന്നാല്‍ ചിലവെബ്സൈറ്റുകളിലും മറ്റും ചിലര്‍ നല്‍കിയ സൂചനകള്‍ വച്ചും പിടിയിലായവര്‍ നല്‍കിയ വിവരങ്ങള്‍ വച്ചും ഈ പാവം ജീവിയെ ബലികൊടുക്കുന്നതു മുതല്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത് വരെ പോകുന്നു കുറ്റകൃത്യങ്ങളുടെ പരമ്പര.

ഇന്ത്യയില്‍ കണ്ടു വരുന്ന വംശ നാശം നേരിടുന്ന ഒരു ജീവിയുമാണ് വെള്ളി മൂങ്ങ. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ വെള്ളിമൂങ്ങയെ ഉള്‍‌പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവയെ കൈവശം വയ്ക്കുന്നതും കൊല്ലുന്നതും കൈമാറുന്നതുമൊക്കെ കുറ്റകരമാണ്.

ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങളില്‍ ഒന്ന് വെള്ളിമൂങ്ങയുടെ ഔഷധഗുണത്തെ പറ്റിയാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും കുഷ്ഠം തുടങ്ങിയ മാറാരോഗങ്ങള്‍ ഭേദപ്പെടുത്താനും വെള്ളിമൂങ്ങയുടെ മാംസം കഴിച്ചാല്‍ മതിയെന്ന് പലരും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ കണ്ണില്‍ നിന്നുവരുന്ന രശ്മികള്‍ വെറുതെയൊന്ന് ഏറ്റാല്‍ മതി ഏതു മാറാരോഗവും മാറും എന്ന് വിശ്വസിപ്പിച്ച്, ‘രശ്മിയേല്‍‌പ്പിച്ച്’ പണം പിടുങ്ങുന്ന വ്യാജസിദ്ധന്മാരും ഉണ്ട്.

യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വെള്ളിമൂങ്ങയുടെ വില. വലുപ്പത്തിനനുസരിച്ച് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. നല്ല തൂക്കമുള്ള ഒരു വെള്ളിമൂങ്ങയ്ക്ക് പത്തുലക്ഷം രൂപ വരെ കിട്ടിയ ചരിത്രമുണ്ടെത്രെ.

ശത്രുവിന്റെ കണ്ണുപൊട്ടിക്കാനും മൂങ്ങാ മന്ത്രവാദം- അടുത്ത പേജ്

PRO
ശത്രുവിന്റെ കണ്ണ് പൊട്ടാനായി വെള്ളിമൂങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കും

പല രാജ്യങ്ങളിലും ‘നിഴല്‍‌ക്കുത്ത്’ (വൂഡൂയിസം) നടത്താന്‍ വെള്ളിമൂങ്ങകളെ ഉപയോഗിക്കാറുണ്ട്. നിഴല്‍‌ക്കുത്തിലെന്ന പോലെ, ശത്രുവിനെ വെള്ളിമൂങ്ങയായി സങ്കല്‍‌പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തുടര്‍ന്ന് ശത്രുവിന്റെ കണ്ണ് പൊട്ടാനായി വെള്ളിമൂങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കും. അല്ലെങ്കില്‍ ശത്രുവിന്റെ കയ്യൊടിയാനായി വെള്ളിമൂങ്ങയുടെ ചിറകുകള്‍ ഒടിക്കും.

ഉത്തരേന്ത്യയില്‍ വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. വിവിധ കാര്യലബ്ധിക്കായി നടത്തുന്ന മന്ത്രോച്ചാടന ചടങ്ങുകളില്‍ വെള്ളിമൂങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഉപാസിക്കുന്ന ദുര്‍‌ദേവതയെ പ്രീതിപ്പെടുത്താനായി വെള്ളിമൂങ്ങയെ കൊല്ലുകയോ അല്ലെങ്കില്‍ മൂങ്ങയുടെ ഒരു ചിറക് ബലമായി ഒടിക്കുകയോ ചെയ്യുമെത്രെ.

ദീപാവലിയുടെ സമയത്ത് ഉത്തരേന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ചിറകൊടിഞ്ഞ രീതിയില്‍ വെള്ളിമൂങ്ങകളെ ലഭിക്കുന്നത് മൃഗസംരക്ഷണവകുപ്പിനെ അത്ഭുതപ്പെടുത്തിയിരുന്നു. അന്വേഷണം നടത്തിയപ്പോഴാണ് മന്ത്രവാദത്തില്‍ ചിറകൊടിക്കപ്പെട്ട മൂങ്ങകളാണ് ഇതെന്ന് മനസിലാവുന്നത്. അന്ധവിശ്വാസത്തിന് വേണ്ടി വെള്ളിമൂങ്ങകളെ വേട്ടയാടുന്നത് തുടര്‍ന്നാന്‍ ഈ ജീവിവര്‍ഗം അടുത്തുതന്നെ കുറ്റിയറ്റ് പോവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഗമാണിക്യമെന്ന ഇല്ലാത്ത മാണിക്യം- അടുത്ത പേജ്

PRO
മീന്‍ഗുളിക നാഗമാണിക്യമെന്ന് പറഞ്ഞ് തട്ടിപ്പ്

നാഗമാണിക്യമെന്ന വ്യാജേന മീന്‍ഗുളിക നല്‍കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം കഴിഞ്ഞവര്‍ഷം പൊലീസ്‌ പിടിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ പൂവത്തിന്‍കാവ്‌ തോട്ടുപുറത്ത്‌ സുരേന്ദ്രന്‍ എന്ന മുരുകേശന്‍(50), പത്തനംതിട്ട കോന്നി എലിമുള്ള്‌പ്ലാക്കല്‍ കിഴക്കേതില്‍ ഷിബു(32), തമിഴ്‌നാട്‌ ആണ്ടിപ്പെട്ടി പുതുക്കോട്ട ശിങ്കിരി(45), തേനി വരശുനാട്‌ സ്വദേശിയും വണ്ടിപ്പെരിയാറില്‍ താമസമാക്കിയ നാഗരാജ്‌(58), ബോഡി രാമനാഥപുരം വീരകൃഷ്‌ണ(43) എന്നിവരെയാണ്‌ നെടുങ്കണ്ടം പൊലീസ്‌ കുടുക്കിയത്‌.

മാവടി ചീനിപ്പാറ സ്വദേശിയായ പുത്തന്‍പുരയ്‌ക്കല്‍ ജോണിക്കുട്ടിയില്‍ നിന്നാണ് നാഗമാണിക്യം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഓഗസ്‌റ്റ് 22 നു സംഘം ഒരു ലക്ഷം രൂപ വാങ്ങി. ജോണിക്കുട്ടിയും സുരേന്ദ്രനും പെരുമ്പാവൂരിലെ തടിമില്ലില്‍ വച്ചുണ്ടായ സുഹൃദ്‌ബന്ധമാണ്‌ നാഗമാണിക്യം കച്ചവടത്തിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ പിന്നീടു ഇവര്‍ മറുപടിയൊന്നും നല്‍കാതെ വന്നതിനാല്‍ സംഘത്തില്‍പ്പെട്ടവരെ ബാക്കി തുക നല്‍കാമെന്നു പറഞ്ഞ്‌ തന്ത്രപൂര്‍വം നെടുങ്കണ്ടത്ത്‌ എത്തിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ നെടുങ്കണ്ടത്ത്‌ എത്തിയ സംഘാംഗങ്ങള്‍ ടൗണിലെ ലോഡ്‌ജില്‍ തങ്ങി. നാഗമാണിക്യം നേരിട്ട്‌ കണ്ടാല്‍ മാത്രമേ രൂപ നല്‍കുകയുള്ളൂവെന്നു പറഞ്ഞു.

പൂജ നടത്തുന്നതിനെന്നു പറഞ്ഞ് സംഘത്തിനു മൈനര്‍സിറ്റിലെ ആളൊഴിഞ്ഞ വീട്‌ എടുത്തിരുന്നു. പിന്നീട് ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയതോടെ സംശയം തോന്നിയ ജോണിക്കുട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം ഏഴോടെ വീട്ടില്‍ നടക്കുന്ന പൂജയില്‍ മാത്രമേ നാഗമാണിക്യം കാണാനാകുകയുള്ളൂവെന്നു പറഞ്ഞതു പ്രകാരം ജോണിക്കുട്ടിയും ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ എന്ന വ്യാജേന എ എസ്‌ ഐ. സാബു മാത്യുവും പൂജയില്‍ പങ്കെടുത്തു.

അകത്ത് പൂജ നടക്കുമ്പോള്‍ വീട് പൊലീസ് വളഞ്ഞു. പൂജകള്‍ക്കിടെ നാഗമാണിക്യത്തിന്റെ ശക്‌തിയും മാണിക്യത്തിലെ പ്രകാശത്തിന്റെ തീവ്രതയും സംഘം വ്യാജമായി സൃഷ്‌ടിച്ച്‌ ഇരുവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തങ്ങള്‍ക്കു വിശ്വാസമായതായും വാഹനത്തില്‍ നിന്നു പണം എടുത്തു തിരികെ എത്താമെന്നും അറിയിച്ച്‌ പുറത്തിറങ്ങിയ എ എസ്‌ ഐ. സാബുവും ജോണിക്കുട്ടിയും പുറത്തു കാത്തുനിന്ന എസ്‌ ഐയെ വിവരമറിയിച്ചു. തുടര്‍ന്നു പൊലീസ്‌ സംഘം ഇവരെ ബലം‌പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഷിബുവിനെ പൊലീസ്‌ കയറുപയോഗിച്ചാണ്‌ പിടികൂടിയത്‌. ഏതാനും ഉദ്യോഗസ്‌ഥര്‍ക്ക്‌ നിസാര പരിക്കേല്‍ക്കുകയും ചെയ്‌തു. വൈറ്റമിന്‍ അടങ്ങിയ മീന്‍ ഗുളികകളാണ്‌ ഇവര്‍ മാണിക്യക്കല്ലായി ഉപയോഗിച്ചിരുന്നത്‌. ചെമ്പുകമ്പി, പെന്‍ടോര്‍ച്ച്‌ ബാറ്ററി, എല്‍ ഇ ഡി ബള്‍ബ്‌, മീന്‍ ഗുളികകള്‍ എന്നിവ തട്ടിപ്പിനായി ഉപയോഗിച്ചു. അടുത്ത മുറിയില്‍ നിന്നും ചെമ്പുകമ്പിയിലൂടെ ബാറ്ററിയില്‍ നിന്നുള്ള കണക്ഷന്‍ നല്‍കി എല്‍ ഇ ഡി. ബള്‍ബ്‌ കത്തിക്കുകയും ഈ വെളിച്ചം ഈറ്റക്കുഴലിലൂടെ കടത്തിവിട്ട്‌ ഒരടി ഉയരത്തില്‍ വച്ചിരിക്കുന്ന മീന്‍ഗുളികയിലേക്ക്‌ അടിപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിളക്കമാണ്‌ നാഗമാണിക്യമായി സൃഷ്‌ടിച്ചത്‌. പ്രകാശം വര്‍ധിപ്പിക്കുന്നതിനു ഫാനിന്റെ റെഗുലേറ്റര്‍ സ്വിച്ചാണ്‌ ഉപയോഗിച്ചിരുന്നത്‌.

നാഗമാണിക്യം കോടികള്‍ക്കു മറിച്ചുവിറ്റ്‌ ധനികനാകാമെന്നും വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നും പറഞ്ഞ്‌ സംഘത്തില്‍പ്പെട്ടവര്‍ ജോണിക്കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. എസ്‌ ഐ പി ടി വര്‍ക്കി, എ എസ്‌ ഐമാരായ സാബു മാത്യു, പി ജി ബാബു, സിവില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥരായ ഡി മനോജ്‌, കെ എം സാബു, ജി. പ്രകാശ്‌, അജീഷ്‌ അലിയാര്‍, ഹോം ഗാര്‍ഡുമാരായ ഗോപിനാഥ്‌, ജോസഫ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. വണ്ടിപ്പെരിയാര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ മുമ്പ്‌ നാഗമാണിക്യ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന്റെ പുതിയ രൂപം; അസമില്‍നിന്നും സ്വര്‍ണനാക്കും- അടുത്ത പേജ്

PRO
തട്ടിപ്പിന്റെ പുതിയ രൂപം; അസമില്‍നിന്നും സ്വര്‍ണനാക്കും


ദിവ്യ വസ്തുക്കളിലുള്ള അമിത വിശ്വാസം മുതലെടുക്കാന്‍ അസാമില്‍ നിന്നുള്ള തട്ടിപ്പുകാരെത്തിയത് സ്വര്‍ണ നാക്കും കൊണ്ടാണ്. സ്വര്‍ണ നാക്കെന്നു പറഞ്ഞ്‌ പിത്തള നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ച അസാം സ്വദേശികള്‍ കോട്ടയത്താണ് പിടിയിലായത്‍.

ആറുമാനൂര്‍ പ്രദേശത്ത്‌ ജോലിക്കെത്തിയ അസാം ഗോഹട്ടി സ്വദേശികളായ കമാലുദീന്‍ (22), മുഹമ്മദ്‌ ഫൈസല്‍ ഇസ്ലാം (23) എന്നിവരാണ്‌ അറസ്റ്റിലായത്‌. സ്വര്‍ണമെന്നു പറഞ്ഞ്‌ കബളിപ്പിച്ചത്‌ മുക്കാല്‍ കിലോഗ്രാം തൂക്കമുള്ള പിച്ചളയായിരുന്നുവെന്ന്‌ വ്യക്തമായി.

ആറുമാനൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ ഏഴു ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു അസാം സ്വദേശികളുടെ ശ്രമം. സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത്: പിടിയിലായവര്‍ ഒന്നര വര്‍ഷമായി ആറുമാനൂര്‍ മേഖലയില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്നു. ഇവര്‍ സ്ഥിരമായി ബിനീഷ്കുമാറിന്റെ സ്റ്റേഷനറി കടയില്‍ നിന്നാണ്‌ സാധനങ്ങള്‍ വാങ്ങുന്നത്‌. ഒരാഴ്ച മുന്‍പാണ്‌ ദിവ്യ ശക്തിയുള്ള സ്വര്‍ണ നാക്കിനെക്കുറിച്ച്‌ ബിനിഷ്കുമാറിനോട്‌ പറഞ്ഞത്‌.

അസാമില്‍ പ്രത്യേക പൂജ നടത്തി സൂക്ഷിക്കുന്ന സ്വര്‍ണ നാക്കിന്‌ പല വിധത്തിലുള്ള ശക്തികളുണെടെന്ന്‌ ഇവര്‍ ധരിപ്പിച്ചു. നാക്ക്‌ ഇരിക്കുന്ന വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നും ധനം പെരുകുമെന്നുമായിരുന്നു ഇവര്‍ വിശ്വസിപ്പിച്ചത്‌.
ഏഴു ലക്ഷം രൂപ തന്നാല്‍ നാക്ക്‌ നല്‍കാമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ സ്വര്‍ണ നാക്ക്‌ കാണിച്ചു. സ്വര്‍ണമാണെന്നു വിശ്വസിക്കാന്‍ ഒരു കത്തിയെടുത്ത്‌ നാക്കില്‍ നിന്ന്‌ ചെറിയൊരു കഷണം മുറിച്ചു.

മുറിച്ച കഷണം മാറ്റിയ ശേഷം ഇവര്‍ കൈവശം കരുതിയിരുന്ന സ്വര്‍ണത്തിന്റെ ഒരു കഷണം ബിനീഷിനെ കാണിച്ചു. അത്‌ സ്വര്‍ണമാണെന്നു ബോധ്യപ്പെട്ടതോടെ കച്ചവടം ഉറപ്പിച്ചു. ഏഴു ലക്ഷം വേണമെന്ന്‌ അസാം സ്വദേശികള്‍ ആവശ്യപ്പെട്ടു. അഞ്ചു ലക്ഷമാണെങ്കില്‍ വാങ്ങാമെന്ന്‌ ബിനിഷ്‌ പറഞ്ഞു. ഇതിനിടെയാണ്‌ ഇതൊരു തട്ടിപ്പാണോ എന്ന്‌ ബിനീഷ്‌ സംശയിച്ചത്‌.

തുടര്‍ന്നാണ്‌ പൊലീസില്‍ വിവരം അറിയിച്ചത്‌. ഇന്നലെ ഏറ്റുമാനൂരില്‍ സ്വര്‍ണ നാക്കുമായി വരാന്‍ ബിനിഷ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ അസാം സ്വദേശികള്‍ എത്തിയപ്പോഴാണ്‌ പൊലീസ്‌ വിരിച്ച വലയില്‍ വീണത്‌.
ആക്രി കടയില്‍ നിന്നു വാങ്ങിയ പിച്ചള ഉരുക്കിയാണ്‌ നാക്ക്‌ ഉണ്ടാക്കിയതെന്ന്‌ പ്രതികള്‍ സമ്മതിച്ചു. ഇതിനുള്ള അച്ച്‌ ഉണ്ടാക്കിയത്‌ ഇഷ്ടിക ഉപയോഗിച്ചാണെന്നും നിര്‍മാണം നടന്നത്‌ അസാമില്‍ വച്ചാണെന്നും പ്രതികള്‍ മൊഴി നല്‍കി.


തലയുള്ളവന് പണം തട്ടാനൊരു പാമ്പ്’ഇരുതല മൂരി’- അടുത്ത പേജ്

PRO
തലയുള്ളവര്‍ പണം തട്ടും, ഇരുതലമൂരിയെക്കൊണ്ടും


‘ഇരുതലമൂരി‘ രണ്ടുവശത്തും തലയുണ്ടെന്ന്‌ പേര്‌ കേട്ട്‌ തെറ്റിദ്ധരിച്ചേക്കാം. തല ഒന്നേയുള്ളു. എന്നാല്‍ വാല്‍കുറുകി തലയുടെ ആകൃതിയിലാണിരിക്കുന്നത്‌. അതുകൊണ്ടാവണം ഈ പേരില്‍ അറിയപ്പെടുന്നത്‌. വാലും തലയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ചെറിയ ഇനം പാമ്പാണ്‌. ചുവപ്പ്‌, കറുപ്പ്‌, തവിട്ടു നിറങ്ങളില്‍ കാണപ്പെടുന്നു. ഡബിള്‍ എഞ്ചിനെന്നായിരുന്നു മാര്‍ക്കറ്റില്‍ ഇവയുടെ കോഡ്.

ഇരതലമൂരിയെ വാങ്ങി വീട്ടില്‍ വച്ചാല്‍ ബിസിനസില്‍ കയറ്റമെന്നാണ് അന്ധവിശ്വാസം. പണം മുടക്കി വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും കേസിനു പിന്നാലെ തൂ‍ങ്ങേണ്ടി വന്നെന്നാണ് സത്യം.

വെബ്ദുനിയ വായിക്കുക