ലജ്ജിക്കണം, ഇങ്ങനെയൊരു സര്‍ക്കാരാണ് കേന്ദ്രത്തില്‍ നമ്മളെ ഭരിക്കുന്നതെന്നോര്‍ത്ത് ലജ്ജിക്കണം, ലജ്ജിക്കണം! ഇവര്‍ക്കാണ് ജനങ്ങള്‍ വോട്ടുചെയ്ത് വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്നത് എന്നോര്‍ത്ത് ലജ്ജിക്കണം. ഇവരെ പിന്തുണയ്ക്കുന്നവരാണ് കേരളത്തിലെ സര്‍ക്കാരും എന്നോര്‍ത്ത് നമ്മള്‍ ലജ്ജിക്കണം.
രണ്ട് മലയാളികളുടെ നെഞ്ചില്‍ നിന്നും കടലിലൊഴുകിയ രക്തത്തിന്, അവരുടെ കുടുംബങ്ങള്‍ക്ക് സാമാന്യ നീതിയെങ്കിലും നേടിക്കൊടുക്കാനല്ല, മറിച്ച് അവരെ ഒറ്റുകൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ മലയാളികളെ വെടിവച്ചുകൊന്ന നടപടിയില്‍ കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് രാജ്യത്തിനാകെ അപമാനമുണ്ടാക്കിയിരിക്കുകയാണ്.
കേന്ദ്ര അഡീഷണല്‍ സോളോസിറ്റര്‍ ജനറലിന്‍റെ നീക്കങ്ങള്‍ സംശയാസ്പദമാണ്. ഇങ്ങനെയൊരു നിലപാട് സുപ്രീംകോടതിയില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത ദിവസമാണ് സംശയമുണര്‍ത്തുന്നത്. കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല എന്ന് ഇറ്റാലിയന്‍ നാവികരുടെ ബന്ധുക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അതേ അമയത്താണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ മലക്കം മറിച്ചില്‍. ഇതിന് പിന്നില്‍ നടന്ന കള്ളക്കളികള്‍ എന്തൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടെടുക്കുകയാണ് എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചതിനെ വെറുമൊരു തമാശയായി തള്ളിക്കളയാനാവില്ല. ‘എന്തുകൊണ്ട് ഇങ്ങനെയൊരു നിലപാട്?’ എന്ന ചോദ്യത്തിന് കേന്ദ്രത്തിന് പറയാന്‍ മറുപടിയുമില്ല. ചില രഹസ്യ അജണ്ടകള്‍ ഉണ്ട് എന്ന് മാത്രം വ്യക്തം.
മലയാളികളുടെ, ഇന്ത്യന്‍ ജനതയുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ഒരു സര്‍ക്കാരാണ് യു പി എ സര്‍ക്കാരെന്ന് പറയാന്‍ മറ്റൊരു ഉദാഹരണത്തിനായി കാത്തിരിക്കേണ്ട. ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നത് ഇറ്റലിയാണോ എന്ന് വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും എ കെ ആന്‍റണിയുമൊക്കെയാണ്. കേന്ദ്രത്തിന്‍റെ നിലപാട് തെറ്റാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കേണ്ടത്. അതിന് തയ്യാറല്ലെങ്കില്‍ ഈ പണി ഇവിടെവച്ച് അവസാനിപ്പിച്ച് അധികാരമൊഴിയുകയാണ് വേണ്ടത്.