'ആപ്പിള്‍ എ ഡേ' ഉടമകള്‍ പാവം പിച്ചക്കാര്‍!

ചൊവ്വ, 31 മെയ് 2011 (11:21 IST)
PRO
PRO
ഫ്ലാറ്റ്‌ തട്ടിപ്പുകേസില്‍ പ്രതികളായ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ ഡയറക്‌ടര്‍മാരായ കെഎ സാജു (കടവില്‍ സാജു), സി രാജീവ്കുമാര്‍ (രാജീവ്‌ ചെറുവാര) എന്നിവരുടെ ബാങ്ക് അക്കൌണ്ട് മരവിപ്പിക്കാന്‍ ബാങ്കുകളെ സമീപിച്ച പൊലീസ് ഞെട്ടിയിരിക്കുകയാണ്. കാരണം ഇവരുടെ അക്കൌണ്ടുകളില്‍ നയാപൈസയില്ല. പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി എട്ട്‌ അക്കൗണ്ടുകളാണുള്ളത്‌. ഇതില്‍ പ്രധാനം ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടാണ്. എന്നാല്‍ ഇവരുടെ അക്കൌണ്ടില്‍ നിന്നുള്ള എല്ലാ പൈസയും നാലുമാസം മുമ്പേ പിന്‍‌വലിച്ചുവെന്ന് പറഞ്ഞ് ബാങ്കുകള്‍ കൈമലര്‍ത്തിയിരിക്കുകയാണ്.

വന്‍‌കിട റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കളിച്ച കളിയില്‍ 'ആപ്പിള്‍ എ ഡേ' കടപുഴകി എന്നാണ് ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ചില ഉന്നതരും ബാങ്കുകളും 'ആപ്പിള്‍ എ ഡേ' ഉടമകളുമായി ചേര്‍ന്ന് നടത്തിയ പകല്‍‌ക്കൊള്ളയിലാണ് തങ്ങളുടെ ഇതെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. ഫ്ലാറ്റ്‌ നിര്‍മാണം പൂര്‍ത്തീകരിക്കാതെ വായ്പാത്തുക മുഴുവനായി ഫ്ലാറ്റുടമകള്‍ക്കു നല്‍കിയ ബാങ്ക്‌ അധികൃതരുടെ നടപടിയാണ്‌ ആരോപണത്തിനു കാരണം.

പലയിടങ്ങളിലായി ഒമ്പത് പ്രൊജക്റ്റുകള്‍ പ്രഖ്യാപിച്ച്, പ്രവാസികളില്‍ നിന്നടക്കം ഇരുന്നൂറോളം ആളുകളില്‍ പിന്ന് പൈസ കൈപ്പറ്റിയ ആപ്പിള്‍ ഉടമകളുടെ അക്കൌണ്ടുകള്‍ നാലുമാസം മുമ്പേ കാലിയായെങ്കില്‍ എന്തുകൊണ്ട് ബാങ്കുകള്‍ ഈ വിവരം പൊലീസിനെ അറിയിച്ചില്ല എന്നാണ് ഇവര്‍ ചോദിക്കുന്നത്. 'ആപ്പിള്‍ എ ഡേ' ഇല്ലാതായെങ്കിലും, ഭവന വായ്പ എടുത്തവരെ, ‘ബള്‍ക്ക് ചെക്കുകള്‍’ നല്‍‌കാന്‍ പറഞ്ഞ് ബാങ്കുകള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

പ്രശസ്ത പിന്നണി ഗായിക കെ‌എസ് ചിത്രയെ വച്ച് ടെലിവിഷനില്‍ പരസ്യം, പ്രമുഖ പത്രങ്ങളില്‍ അരപ്പേജിലും മുഴുവന്‍ പേജിലും പരസ്യം, താമസം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍, സഞ്ചരിക്കാന്‍ മുപ്പതോളം ആഡംബര കാറുകള്‍, അന്യസംസ്ഥാനങ്ങളില്‍ ഏക്കറുകണക്കിന് ഭൂമി, പത്തൊമ്പത് ലക്ഷം രൂപ ചെലവിട്ട് ഏറ്റവും വലിയ ക്രിസ്മസ് നക്ഷത്രം നിര്‍മിച്ച് ഗിന്നസ് ബുക്കില്‍ കയറിക്കൂടിയത്... ആപ്പിള്‍ എ ഡേയെ പറ്റി മാധ്യമങ്ങള്‍ക്കും നൂറുനാവായിരുന്നു. ഇപ്പോള്‍ പൊലീസ് പറയുന്നു, ഇവരുടെ അക്കൌണ്ടില്‍ ഒരു പൈസ പോലും ഇല്ലെന്ന്.

പ്രതികള്‍ രണ്ടുപേരും അജ്ഞാതകേന്ദ്രത്തിലിരുന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍‌കിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി കബളിപ്പിക്കപ്പെട്ടവരുടെ പരാതികള്‍ പ്രവഹിക്കുകയാണെങ്കിലും കേസൊതുക്കി പ്രതികളെ രക്ഷിക്കാന്‍ പോലിസ്‌ ഒത്തുകളിച്ചതായ ആരോപണം ശക്തമായതോടെ പ്രതികളെ പിടികൂടി മുഖംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു പോലിസ്‌. തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം കൂടിയതോടെ കേസന്വേഷിക്കാന്‍ അഞ്ചുസംഘങ്ങളെക്കൂടി പോലിസ്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടികള്‍ തട്ടിയ പ്രതികള്‍ സംസ്ഥാനം വിട്ടതായാണു പോലിസ്‌ സംശയിക്കുന്നത്‌. പ്രതികളെ തേടി പോലിസ് സംഘങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് തിരിച്ചതായി അറിയുന്നു.

വെബ്ദുനിയ വായിക്കുക