ആഗസ്റ്റ്‌ 31ന്‌ വിഎസിന് പനി വരുമോ?

PROPRO
കേരളം കാത്തിരിക്കുകയാണ്‌, മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ ആഗസ്റ്റ്‌ മുപ്പത്തിയൊന്നിന്‌ പനി വരുമോ എന്നാണ്‌ അറിയാനുള്ളത്‌. അന്ന്‌ പനി വന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി എസിന്‌ തലവേദന ഒഴിഞ്ഞ നേരമുണ്ടാകില്ല!

ബാങ്കുകളും ഷോപ്പിങ്ങ്‌സ്ഥാപനങ്ങളും ആശുപത്രിയും സ്‌കൂളും ചാനലുകളും വിജയകരമായി നടത്തുന്ന കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി ആരംഭിക്കുന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്ക്‌ കണ്ണൂരില്‍ മുഖ്യമന്ത്രി വി എസ്‌ ഉദ്‌ഘാടനം ചെയ്യേണ്ടത്‌ ആഗസ്റ്റ്‌ 31നാണ്‌.

പാര്‍ട്ടിയുടെ ജലകേളീകേന്ദ്രത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും പരോക്ഷമായി പുറത്തും പോരാടിയെ മുഖ്യനെ കൊണ്ടു തന്നെ സ്ഥാപനം ഉദ്‌ഘാടനം ചെയ്യിക്കുക എന്നത്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍റെ സ്വകാര്യ ആവശ്യമാണ്‌. ജനപ്രീയവാദങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടിയെ ‘കുഴിയില്‍ ചാടിക്കാറുള്ള‘ മുഖ്യനെ വരുതിയില്‍ നിര്‍ത്താനുള്ള കുതന്ത്രം.

പാര്‍ട്ടി അംഗീകരിച്ച അമ്യൂസ്‌മെന്‍റ് പാര്‍ക്ക്‌ ഉദ്‌ഘാടനം ചെയ്യാതിരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ പറ്റില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്ന വിനിതവിധേയനായ സഖാവായി കണ്ണൂരിലേക്ക്‌ ചെന്നാല്‍ വി എസിനെ വിശ്വസിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുന്നവരുടെ മനസിടിയും.

പ്രായം എണ്‍പത്തിനാലായ മുഖ്യന്‌ ഇനി സ്വന്തം ആരോഗ്യം മോശമാണെന്ന്‌ ചൂണ്ടികാട്ടി ചടങ്ങ്‌ ഒഴിവാക്കാന്‍ ഒരു സാധ്യത മുന്നില്‍ ഉണ്ട്‌. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രത്യേകസാമ്പത്തിക മേഖല പ്രശ്‌നത്തില്‍ നിലപാട്‌ കൂടുതല്‍ വ്യക്തമാക്കാന്‍ പിണറായി വിജയന്‍ അധ്യക്ഷനായ ഈ വേദി വി എസ്‌ ഉപയോഗിക്കണമെന്ന്‌ വാദിക്കുന്ന ‘വിപ്ലവവായാടികളും’ വി എസ്‌ പക്ഷത്തുണ്ട്‌.

PROPRO
സി പി എമ്മിന്‍റെ താത്വിക പിന്‍ബലമായിരുന്ന എം എന്‍ വിജയന്‍ മാഷ്‌ പാര്‍ട്ടിക്ക്‌ അനഭിമിതനാകുന്നതും അമ്യൂസ്‌മെന്‍റ് പാര്‍ക്കിനെതിരെ നിലപാട്‌ സ്വീകരിച്ചതോടെയാണ്‌. പാര്‍ട്ടിക്കുള്ളില്‍ വേണമെങ്കില്‍ ഒരു കലാപം നടത്താം എന്ന നിലയില്‍ വി എസ്‌ ആയുധസമ്പാദനം നടത്തുമ്പോള്‍ ആഗസ്‌റ്റ്‌ 31 നിര്‍ണ്ണായകമാകുന്നു.

മലബാര്‍ മേഖലയുടെ ടൂറിസം സാധ്യത മുതലെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ പാര്‍ട്ടി തയ്യാറാക്കിയ മലബാര്‍ ടൂറിസം ഡെവലപ്‌മെന്‍റ് കോപ്പറേറ്റീവ്‌സിന്‍റെ (എം ടി ഡി സി ) കീഴിലുളള പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായ മലബാര്‍ പ്ലഷേഴ്‌സ്‌ ആണ്‌ അമ്യൂസ്‌മെന്‍റ് പാര്‍ക്കിന്‍റെ മുതലാളിമാര്‍.

പറശനിക്കടവില്‍ മുപ്പത്‌ ഏക്കറിലാണ്‌ മുപ്പത്‌ കോടി മുടക്കി പാര്‍ക്ക്‌ ഉയര്‍ന്നത്‌. ഇതില്‍ 13 കോടി ബാങ്ക്‌ ലോണ്‍ ആണ്‌. 26 ലക്ഷം ജില്ലാ പഞ്ചായത്തിന്‍റെ സാമ്പത്തിക സഹായവും. ബാക്കി തുക കോര്‍പ്പറേറ്റീവ്‌ സൊസൈറ്റിയിലെ അംഗങ്ങളുടെ ഓഹരിയാണ്‌.

ജലകേളിക്കായി വ്യാപകമായ ജലചൂഷണം നടക്കും എന്ന ആരോപണം തള്ളിക്കളഞ്ഞാണ്‌ പാര്‍ക്ക്‌ യാഥാര്‍ത്ഥ്യമാകുന്നത്‌ . മുപ്പത്‌ ദശലക്ഷം ലിറ്റര്‍ മഴവെള്ളകൊയ്‌ത്ത്‌ നടത്താനുള്ള സംവിധാനം പാര്‍ക്കില്‍ ഉണ്ടെന്നാണ്‌ മറുവാദം.

പ്രതിദിനം ആയിരം സന്ദര്‍ശകരെങ്കിലും ഇവിടെ എത്തുമെന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌. ഇങ്ങനെ വന്നാല്‍ മൂന്നര ലക്ഷം രൂപ പ്രതിദിന വരുമാനം ലഭിക്കും. പാര്‍ക്ക് തുറക്കുന്നതോടെ പറശനിക്കടവ് മുത്തപ്പനെ കാണാന്‍ വരുന്ന ഭക്തരുടെ ഏണ്ണവും കൂടുമത്രെ, വിപ്ലവവും ഭക്തിയും അമ്യൂസ്‌മെന്‍റ് പാര്‍ക്കിലൂടെ ?!