ഇന്ത്യയിലെ തലയെടുപ്പോടെ നിലനില്‍ക്കുന്ന വിരലിലെണ്ണാവുന്ന സര്‍വകലാശാലകളില്‍ ഒന്നാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാല. ന്യൂനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ നവോത്ഥാന ഉയര്‍ച്ചയെ ലക്ഷ്യം കണ്ടാണ് സര് സയ്യിദ് ഇത്തരം ഒരു സര്‍വകലാശാലയ്ക്ക് രൂപം നല്‍കിയത്. ഇത്തരം ഒരു സ്ഥാപനം സ്വപ്നം കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് രണ്ട് രൂപകങ്ങളാണ് ബ്രിട്ടനിലെ ഓക്സ്ഫോര്ഡും കേംബ്രിഡ്ജും. 1872 -ല്‍ ഉറുദുഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സയ്യിദിന്റെ ആഗ്രഹം സഫലീകരിച്ചുകൊണ്ട് അക്കാഡമിക്ക് തലത്തില്‍ സമാനതകള്‍ ഇല്ലാത്ത സ്ഥാപനമായി അലിഗഡ് വളര്‍ന്നു.
ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്നതിലും അലിഗഡ് പ്രമുഖ സ്ഥാനം വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായി അലിഗഡ് മാറി. രാജ്യം കണ്ട പ്രമുഖരായ ശാസ്ത്രജ്ഞര്‍, ചിന്തകര്‍ സാമൂഹ്യ പരിഷ്കര്‍ത്താകള്‍ തുടങ്ങിയ പലരും അലിഗഡിന്റെ ഉല്പന്നങ്ങളായിരുന്നു.
മുന്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന സക്കീര്‍ ഹുസ്സൈന്‍, അതിര്‍ത്തി ഗാന്ധിയെന്ന് അറിയപ്പെട്ടിരുന്ന ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്, ഹോക്കി കളിക്കാരനായ ധ്യാന്‍ ചന്ദ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ലാലാ അമര്‍നാഥ്, സിനിമാ താരം നസുറുദ്ദീന് ഷാ, ജാവേദ് അക്തര്‍ എന്നിവര്‍ ഇതില്‍ ചിലരാണ്.
സി.എച്ച് മുഹമ്മദുകോയ മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരായ മലയാളികളും ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. മലയാള ഭാഷ വിഭാഗവും ഈ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുണ്ട്.
PRO
യൂണിവേഴ്സിറ്റി ക്യാമ്പസ് കേരളത്തിലേക്ക്
സച്ചാര്‍ കമ്മിറ്റിയുടെ നിദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ രാജ്യത്തിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം വന്നത് കഴിഞ്ഞ വര്‍ഷമാണ്. കേരളവും അതിലൊരു സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കേന്ദ്രങ്ങള്‍ക്ക് 2000 കോടി രൂപയാണ് വകയിരുത്തിയത്. ഭോപ്പാല്‍ (മധ്യപ്രദേശ്), പൂനെ ( മഹാരാഷ്ട്ര), മുര്‍ഷിദാബാദ് (പശ്ചിമബംഗാള്‍), കതിഹാര്‍ (ബീഹാര്‍) എന്നിവിടങ്ങളിലാണ് ഓഫ് കാമ്പസുകള്‍ സ്ഥാപിക്കാനുള്ള ചരിത്രപ്രധാനമായ തീരുമാനമുണ്ടായത്. കേരളത്തില്‍ മലപ്പുറമായിരുന്നു ഇതിനായി കണ്ടെത്തിയ സ്ഥലം
കൊട്ടും കരഘോഷവുമായാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്തത്. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രിക്ക് സംസ്ഥാന മുഖ്യ മന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും സമര്‍പ്പിച്ച നിര്‍ദ്ദേശത്തിലും പരിഗണന മലപ്പുറത്തിനു തന്നെയായിരുന്നു. മലപ്പുറത്ത് ഇതിനായി 300 ഏക്കറോളം വരുന്ന സ്ഥലം സര്‍വകലാശാലയ്ക്കായി നല്കാന് തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്. പക്ഷെ ആവേശം ആരംഭ ശൂരത്വമായി ഒതുങ്ങി സ്ഥലമേറ്റേടുക്കല് നടപടി ആദ്യം ഇഴയാന്‍ തുടങ്ങി പിന്നെ അത്തരമൊരു സംഭവത്തെ പറ്റി കേട്ടുകേള്‍വി ഇല്ലാത്തവരെ പോലായി സര്‍ക്കാര്‍. അതിനിടയില്‍ കാമ്പസിനായി കണ്ടെത്തിയ ഭൂമിയില്‍ സ്വകാര്യ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതായും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ നവംബറില്‍ പാണക്കാട്ടെ വ്യാവസായിക മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ റവന്യു മന്ത്രി രാജേന്ദ്രന് 2 ആഴ്ചക്കുള്ളില്‍ കാമ്പസിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കും എന്ന് പ്രസ്താവിച്ചെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നുമാത്രമല്ല മാസം രണ്ട് പിന്നിടുകയും ചെയ്തു. ഇപ്പോഴും ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയിടത്ത് തന്നെ നില്ക്കുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൌനം പാലിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളാകട്ടെ പദ്ധതിയുമായി ഏറെ ദൂരം മുന്നേറിക്കഴിഞ്ഞു.
വിവാദങ്ങളുടെ പെരുമഴ
ഭൂമി പ്രശ്നം എങ്ങുമെത്താതെ തുടരുമ്പോള്‍ തന്നെ ബി.ജെ.പി യുടെ യുവജന വിഭാഗമായ യുവമോര്‍ച്ച പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് എത്തിക്കഴിഞ്ഞു. അലിഗഡ് സര്‍വകലാശാല മുസ്ലീം തീവ്രവാദികളെ സൃഷ്ടിക്കുമെന്നാണ് യുവമോര്‍ച്ചയുടെ വാദം. രാജ്യത്ത് നിലവിലുള്ള ചില തീവ്രവാദ മത സംഘാനകളുടെ നേതാക്കള്‍ അലിഗഡ് സര്‍വകലാശായയുടെ സൃഷ്ടികളാണെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്.
PRO
ഇന്ത്യയുടെ രാഷ്ട്രപതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു കേന്ദ്ര യൂണിവേഴ്സിറ്റിയാണ് അലിഗഡ് എന്ന് യുവമോര്‍ച്ച മനസ്സിലാക്കേണ്ടതുണ്ടെന്നും മറുപ്രസ്താവനയുമായി എം.എസ്.എഫ് -ഉം രംഗത്ത് എത്തിയിട്ടുണ്ട്. 1880 കളില്‍ തന്നെ മുസ്ലിം വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളായിരുന്നു അവിടെ പഠിച്ചിരുന്നത് എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അമുസ്ലിം അധ്യാപകരും അലിഗഡില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്പര്യമില്ലായ്മക്കെതിരെ പ്രതികരിച്ചുകൊണ്ട് മുസ്ലീംലീഗും രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകും വരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ലീഗിന്റെ തീരുമാനം. ഈ മാസം 16, 17 18 തീയതികളില്‍ ജില്ലയിലെ വിവിധ കേദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
വിവാദങ്ങള്‍ എന്തൊക്കെയായാലും, കേരളത്തിന്, പ്രത്യേകിച്ച് മലപ്പുറം ജില്ലയ്ക്ക് നഷ്ടപ്പെടാന്‍ പോവുന്നത് ഉയര്‍ന്ന വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ വച്ചുപാലിക്കുന്ന ഒരു സര്‍വകലാശാലയുടെ കാമ്പസാണ്. മതതീവ്രവാദം തടയാന്‍ ആവശ്യത്തിന് നിയമങ്ങളുള്ളപ്പോള്‍ അക്കാരണം പറഞ്ഞ് ഈ കാമ്പസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കരുത്.
ഒരു ദശകത്തിനുമുന്പ് ലോകം ആദരപൂര്‍വമാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടത്. കേരള മോഡല്‍ എന്നൊരു പുതിയ വികസന നയം പോലും രൂപപ്പെട്ടു. ഒരു ദശകത്തിനിപ്പുറം അവസ്ഥമാറിയിരിക്കുന്നു. ഒരു വിദ്യ കേന്ദ്രത്തിന് ആദരപൂര്‍വ്വം വഴി ഒരുക്കാതെ ഉറക്കം നടിക്കുകയാണ് ഭരണയന്ത്രത്തിന്റെ കാവല്ക്കാര്. ഈ സ്ഥിതി നീളുകയാണെങ്കില്‍ ഈ വിദ്യാകേദ്രം നമുക്ക് എന്നേക്കുമായി നഷ്ടമാകും അത് അനന്തര തലമുറകളോടുള്ള ഒരു ക്രൂരതയാകും.