അദ്വാനി ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങി, മോഡിക്കും സന്തോഷം!

ചൊവ്വ, 11 ജൂണ്‍ 2013 (19:36 IST)
PTI
രാജിവച്ച് 36 മണിക്കൂറിനുള്ളില്‍ എല്‍ കെ അദ്വാനി ആ തീരുമാനം പിന്‍‌വലിച്ചു. ബി ജെ പി ഒരു വലിയ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടു. ഈ തീരുമാനത്തില്‍ ഏറ്റവും സന്തോഷം നരേന്ദ്രമോഡിക്കാണ്. പ്രവര്‍ത്തകരെ അദ്വാനി നിരാശരാക്കില്ലെന്ന് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായി എന്നാണ് മോഡി ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

അദ്വാനി രാജി പ്രഖ്യാപിച്ചതുമുതല്‍ അദ്ദേഹത്തെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം കൊണ്ടുപിടിച്ച ശ്രമം ആരംഭിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് എത്രതവണ അദ്വാനിയുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹത്തിന് തന്നെ ഓര്‍മ്മ കാണില്ല. ഗഡ്കരിയും സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ജസ്വന്ത്‌ സിംഗും പ്രകാശ്‌ ജാവദേക്കറുമെല്ലാം പലതവണ അദ്വാനിയെ കണ്ട് രാജി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ ഇടപെടലാണ് അദ്വാനി ഇത്ര പെട്ടെന്ന് രാജി പിന്‍‌വലിക്കാന്‍ ഇടയാക്കിയത്. ബി ജെ പി ഒരു സ്വതന്ത്ര പാര്‍ട്ടിയാണെന്നും ആര്‍ എസ് എസ് അമിതമായി ഇടപെടല്‍ നടത്തുന്നത് അനുവദിക്കരുതെന്നും അദ്വാനിക്ക് അഭിപ്രായമുണ്ടെങ്കിലും രാജിക്കാര്യത്തില്‍ മോഹന്‍ ഭഗവതിന്‍റെ അവസരോചിത ഇടപെടല്‍ ബി ജെ പിക്ക് അനുഗ്രഹമായി എന്ന് പറയാതെ വയ്യ.

രാജി പിന്‍‌വലിച്ചതുകൊണ്ട് അദ്വാനിക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് പറയാറായിട്ടില്ല. എന്തായാലും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം ബി ജെ പി പിന്‍‌വലിച്ചിട്ടില്ല. അദ്വാനി ഉയര്‍ത്തിയ ഏതെങ്കിലും വിഷയത്തില്‍ പരിഹാരം കണ്ടതായും അറിവില്ല. സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തിന്‍റെ രാജി പിന്‍‌വലിപ്പിച്ചെങ്കിലും അദ്വാനി പക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പില്‍ പുകയുക തന്നെയാണ് ബി ജെ പി.

നരേന്ദ്രമോഡി തന്നെയാണ് തങ്ങളുടെ നേതാവെന്ന് പറയാതെ പറയുകയാണ് ബി ജെ പി ദേശീയ നേതൃത്വം. അദ്വാനിയെ കാരണവ സ്ഥാനത്ത് പ്രതിഷ്ഠിച്ച് മാറ്റിനിര്‍ത്തിയുള്ള കളിക്കുതന്നെയാണ് രാജ്നാഥ് സിംഗും കൂട്ടരും ഒരുങ്ങുന്നതെന്ന് വ്യക്തം. ‘ഭാവി തീരുമാനങ്ങളെല്ലാം അദ്വാനിയുമായി ആലോചിച്ചുമാത്രം’ എന്ന ദേശീയാധ്യക്ഷന്‍റെ പ്രസ്താവനയില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം.

വെബ്ദുനിയ വായിക്കുക