സവര്‍ണ യുവതിയെ പ്രണയിച്ച ദലിത് യുവാവിനെ ചുട്ടുകൊന്നു; വിവരമറിഞ്ഞ് മാതാവും മരിച്ചു

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:01 IST)
ഉത്തര്‍പ്രദേശില്‍ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് യുവാവിനെ ചുട്ടുകൊന്നു. വിവരമറിഞ്ഞ് മനംനൊന്ത് മാതാവും മരണപ്പെട്ടു. ഹര്‍ദോയ് ജില്ലയിലെ ഭദേസ ഏരിയയിലാണ് 20 കാരനായ അഭിഷേക് അലിയാസ് മോനുവിനെയാണ് ശനിയാഴ്ച ചുട്ടുകൊന്നതെന്ന് പോലിസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു. പെണ്‍കുട്ടിയെ കാണാന്‍ പോയി മടങ്ങി വരുമ്പോഴാണു സംഭവം. അസുഖബാധിതയായ മാതാവ് റാം ബേട്ടിയുടെ ചികില്‍സയ്ക്കായി 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. 
 
വഴിമധ്യേ ഏതാനും പേര്‍ അഭിഷേകിനെ തടഞ്ഞുനിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കൈവശമുള്ള പണം തട്ടിപ്പറിച്ച ശേഷം വിജനമായ വീട്ടിലെത്തിച്ച് ജീവനോടെ കത്തിക്കുകയായിരുന്നെന്ന് അഭിഷേകിന്റെ ബന്ധു പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
 
ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് അഭിഷേകിനെ കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് ലഖ്‌നോവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. മകന്റെ മരണവാര്‍ത്ത അറിഞ്ഞ ശേഷമാണ് മാതാവ് മരണപ്പെട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും രണ്ട് അയല്‍വാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article