വര്‍ക്കല ബീച്ചില്‍ സര്‍ഫിങ് പരിശീലനത്തിനിടെ പരിശീലകന്‍ തന്നെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. ഉച്ചയ്ക്ക് നടന്ന സംഭവത്തിനു ശേഷം ഉടന്‍ തന്നെ പരാതിയുമായി യുവതി വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. യുവതി ഇത് ചെയ്‌തെങ്കിലും 4 മണിക്കൂറിലധികം കാത്ത് നിന്നിട്ടും കേസെടുക്കാന്‍ പോലീസ് തയാറായില്ല. അയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതിനാല്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെടുക ആയിരുന്നെന്ന് യുവതി പറയുന്നു.
പരാതിയുമായ വിനോദ സഞ്ചാരി ആയ വിദേശ വനിത വര്‍ക്കല പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം. തനിക്കെതിരെ ഉണ്ടായ ശാരീരിക അതിക്രമണത്തിന് എതിരെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നിട്ടും പരാതി ഒത്തു തീര്‍പ്പിന് ശ്രമിക്കുകയാണ് പോലീസ് ചെയ്തതെന്ന് യുവതി പറയുന്നു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവും ആയി ബന്ധപ്പെട്ട് തിരക്കുകള്‍ ഉണ്ടെന്നാണ് പോലീസ് ഇതിന് കാരണം പറഞ്ഞതെന്ന് യുവതി പറയുന്നു.
വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഉള്ളതിനാല്‍ തിരക്ക് ഉണ്ടെന്ന് പൊലീസ് ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യുവതി മടങ്ങി പോവുക ആയിരുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് ‘വെള്ളത്തിനിടയില്‍ വച്ച് സംഭവിച്ച കാര്യമായതിനാല്‍ ഞങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നുമാണ് പൊലീസ് നല്‍കിയ മറുപടി.