ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ഇന്ത്യക്കാരനായ യുവാവിനെ പാക് പൗരന് കുത്തി കൊലപ്പെടുത്തി. ലണ്ടനിലെ ഒരു സൂപ്പർ മാർക്കറ്റിലാണ് സംഭവം.
ഹൈദരാബാദ് സ്വദേശിയായ നദീം ഉദ്ദിൻ ഹമീദ് മൊഹമ്മദ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. പാക് പൗരനായ അക്വിബ് പർവെയ്സി (26)നെ തെംസ് വാലിയ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ പ്രമുഖ ചെയിൻ സൂപ്പർമാർക്കറ്റിലെ മാനേജരായിരുന്നു നദീം. ജോലിയില്‍ ശ്രദ്ധ കാണിക്കാത്തത് പതിവായതോടെ അക്വിബിനെ പിരിച്ചുവിട്ടു. ഇതിൽ പ്രകോപിതനായ അക്വിബ് സൂപ്പർമാർക്കറ്റിലെ പാർക്കിംഗ് ഏരിയയില്‍ വെച്ച് നദീമിനെ കുത്തി പരുക്കേല്‍പ്പിച്ചു.
നെഞ്ചില്‍ ഗുരുതരമായി മുറിവേറ്റ നദീമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്വിബിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി ലണ്ടനിലെ റീഡിങ് ക്രൗൺ കോടതിയിൽ ഹാജരാക്കി.