പ്രണയം തകര്‍ന്നതിന്റെ ദേഷ്യത്തില്‍ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പിതാവിന് അയച്ചുകൊടുത്ത യുവാവ് അറസ്‌റ്റില്‍. കൊല്ലം സ്വദേശിയായ മുണ്ടയ്‌ക്കൽ ടിഎൻആർഎ നഗർ 129ൽ അഖിൽ അജയാണ് (29) പിടിയിലായത്.
രണ്ട് മാസം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം. ഡൽഹിയിൽ ജോലി ചെയ്യുന്ന അഖിൽ പരാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ തെറ്റിയതോടെ പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്‌ത് പിതാവിന് അയച്ചുകൊടുത്തു.
യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ അഖിൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കേസ് നടപടികളുമായി പൊലീസും യുവതിയും മുന്നോട്ട് പോയി. തുടര്‍ന്ന് യുവാവിനെ തേടി ഡല്‍ഹി പൊലീസ് വാറണ്ടുമായി കൊല്ലത്ത് എത്തി.
കൊല്ലം ഈസ്‌റ്റ് പൊലീസിന്റെ സഹായം തേടിയ ഡല്‍ഹി പൊലീസ് യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കൊല്ലം മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോയി.