ഫോൺവിളി ഉറക്കത്തിന് തടസ്സമായി; സഹോദരൻ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ബുധന്‍, 29 ഓഗസ്റ്റ് 2018 (12:48 IST)
ഫോൺവിളി ഉറക്കത്തിന് തടസ്സമായപ്പോൾ പതിനാറുകാരൻ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മണിക്കൂറുകളോളം സഹോദരി ഫോണിൽ സംസാരിക്കാറുണ്ടെന്നും അത് കാരണം മിക്ക രാത്രികളിലും തന്റെ ഉറക്കം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും അതിൽ പ്രകോപിതനായാണ് താൻ ഇങ്ങനെ ചെയ്‌തതെന്നുമാണ് സഹോദരന്റെ മൊഴി.
 
മഹാരാഷ്‌ട്രയിലെ വസായിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരീ സഹോദരന്മാര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ഉച്ചയ്ക്കും രാത്രി ഏറെ വൈകിയും നീണ്ട ഫോണ്‍ സംഭാഷണങ്ങളില്‍ മുഴുകിയിരുന്നു. കുട്ടികളുടെ അമ്മ ബോറിവാലിയിലെ വീടുകളില്‍ ജോലി ചെയ്‌തുവരികയാണ്. പിതാവ് രണ്ട് മാസമായി സ്വദേശമായ ജൽഗാവിലാണ്.
 
ഫോൺവിളികാരണം ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ അത് കൊലപാതകത്തിൽ അവസാനിക്കുകയുമായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം മറവുചെയ്യാൻ സഹോദരൻ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍