വിവാഹ ആഘോഷം കൊഴുപ്പിക്കാന്‍ വെടിയുതിര്‍ത്തു; വരന്റെ സഹോദരൻ മരിച്ചു - കേസെടുത്ത് പൊലീസ്
വിവാഹ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്‌പില്‍ വരന്റെ സഹോദരൻ മരിച്ചു. ബീഹാറിലെ ബെഗുസരായിയില്‍ ഞായറാഴ്‌ച രാത്രിയാണ് സംഭവം. മൊഹമ്മദ് സദ്ദാമെന്ന യുവാവാണ് കൊലപ്പെട്ടത്.
ഞായറാഴ്‌ച രാത്രിയിലായിരുന്നു വിവാഹ മുഹൂര്‍ത്തം. രാത്രി പത്ത് മണിയോടെ വരനും സംഘവും വധുവിന്റെ വീട്ടിൽ എത്തി. ചടങ്ങുകള്‍ ആരംഭിക്കാനൊരുങ്ങവെ വരനൊപ്പം എത്തിയവര്‍ നൃത്തം ചെയ്യാന്‍ ആരംഭിച്ചു.
ആഘോഷം തുടരവെ വധുവിന്റെ ബന്ധുക്കളിലൊരാള്‍ തന്റെ നാടൻ തോക്ക് പുറത്തെടുത്ത് അഞ്ചു തവണ വെടിയുതിർത്തു. ആകാശത്തേക്കും ആളൊഴിഞ്ഞ പ്രദേശത്തേക്കുമാണ് വെടിവച്ചതെങ്കിലും അശ്രദ്ധ മൂലം ബുള്ളറ്റുകളിലൊന്ന് സദ്ദാമിന്റെ ശരീരത്തിലേറ്റു.
ഗുരുതരമായി പരുക്കേറ്റ സദ്ദാമിനെ ബെഗുസരായിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. വിവാഹ ആഘോഷം കൊഴുപ്പിക്കുന്നതിനായി നടത്തുന്ന വെടിവയ്‌പില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ജനുവരി മുതൽ ഇത്തരത്തിലുള്ള ആറ് സംഭവങ്ങളാണ് ബെഗുസരയില്‍ ഉണ്ടായത്.