കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്നും വന്നിറങ്ങിയ യാത്രക്കാരനെ കസ്റ്റംസ് പരിശോധിച്ചപ്പോൾ 34 ലക്ഷം രൂപയുടെ സ്വർണ്ണം തേച്ചുപിടിപ്പിച്ച നിലയിലുള്ള അടിവസ്ത്രവുമായി പിടികൂടി. തലശേരി സ്വദേശി ഷംസീറിനെയാണ് 554 ഗ്രാം സ്വർണ്ണവുമായി പിടികൂടിയത്.
ഇതിനൊപ്പം ഇവിടെ പരിശോധന കഴിഞ്ഞിറങ്ങിയ ഒരു യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടിച്ചു. കാസർകോട് സ്വദേശി അഹമ്മദ് അലിയാണ് 782 ഗ്രാം സ്വർണ്ണവുമായി പിടിയിലായത്. എയർപോർട്ട് പൊലീസാണ് 46 ലക്ഷം രൂപ വിലവരുന്ന ഈ സ്വർണ്ണം പിടിച്ചത്. കഴിഞ്ഞ ദിവസം മാത്രം കണ്ണൂർ വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടു കോടി രൂപയിലധികം വരുന്ന സ്വർണ്ണമാണ് പോലീസ് പിടിച്ചത്.
അതെ സമയം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദമ്പതികളിൽ നിന്നും ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ മോൻ, സഫ്ന എന്നിവരാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.