മഴ കളിമുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റുകള്‍ നിര്‍ണായകമാകും, സൂപ്പര്‍ ഓവര്‍ ടൈ ആയാലും ബൗണ്ടറികളുടെ എണ്ണമെടുക്കില്ല

ചൊവ്വ, 14 നവം‌ബര്‍ 2023 (13:19 IST)
2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒന്നാണ്. നിശ്ചിത സമയത്തും സൂപ്പര്‍ ഓവറിലും സമനിലയായ മത്സരത്തിനവസാനം ബൗണ്ടറികളുടെ കണക്കെടുത്താണ് അന്ന് വിജയികളെ നിശ്ചയിച്ചത്. ഇക്കുറിയും അതിനാല്‍ തന്നെ ലോകകപ്പിലെ നിയമങ്ങളെ കുറിച്ച് ആരാധകര്‍ക്ക് സംശയങ്ങള്‍ തോന്നുക സ്വാഭാവികമാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങുമ്പോള്‍ ലോകകപ്പ് നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
 
സെമി ഫൈനല്‍ മത്സരം മഴ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീട്ടും. ആദ്യദിവസം എവിടെ കളി നിര്‍ത്തിയോ അവിടെ നിന്നാകും കളി തുടങ്ങുക. എന്നാല്‍ പരമാവധി കളി റിസര്‍വ് ദിനത്തിലേക്ക് കൊണ്ടുപോകാതിരിക്കാനായിരിക്കണം അമ്പയര്‍മാര്‍ ശ്രമിക്കേണ്ടത്. രണ്ടാമത് ബാറ്റ് ചെയ്ത ടീം 20 ഓവര്‍ പിന്നിട്ടാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ വിജയിയെ തീരുമാനിക്കാം. 20 ഓവറുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മഴ മാറിയശേഷം വിജയലക്ഷ്യവും ഓവറും വെട്ടിക്കുറച്ച് കളി തുടരാന്‍. ആദ്യ ദിവസം കളി അവസാനിപ്പിക്കാന്‍ നിശ്ചിത സമയം കഴിഞ്ഞ് പരമാവധി 2 മണിക്കൂറാണ് സമയം അനുവദിച്ചിട്ടുള്ളത്.
 
സെമിയുടെ ആദ്യദിനവും റിസര്‍വ് ദിനത്തിലും കളി മഴ മൂലം ഉപേക്ഷിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തിയ ടീമുകളാകും ഫൈനലിലെത്തുക. അതായത് 2 സെമിഫൈനല്‍ മത്സരങ്ങളും മഴ തടസ്സപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാകും ഫൈനല്‍ കളിക്കുക. ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിക്കുകയെങ്കില്‍ ഫൈനലിലെത്തിയ ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. എന്നാല്‍ മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവറില്‍ സമനിലയിലേക്കും നീളുകയാണെങ്കില്‍ വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരും. കഴിഞ്ഞ തവണത്തേത് പോലെ ബൗണ്ടറികളുടെ എണ്ണം നോക്കിയാകില്ല വിജയിയെ തീരുമാനിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍