താരങ്ങളെല്ലാം തകർന്ന നിലയിലാണ്, കോച്ചെന്ന നിലയിൽ കണ്ടുനിൽക്കാൻ പ്രയാസപ്പെട്ടു: ദ്രാവിഡ്

തിങ്കള്‍, 20 നവം‌ബര്‍ 2023 (14:25 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ടതോടെ ഹൃദയം നുറുങ്ങിയ അവസ്ഥയിലാണ് ഇന്ത്യന്‍ ആരാധകര്‍. ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും കലാശപോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരുഘട്ടത്തിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താനാകാതെയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. തോല്‍വിയില്‍ അങ്ങേയറ്റം നിരാശരാണ് കാണികളും അതുപോലെ തന്നെ ഇന്ത്യന്‍ താരങ്ങളും.
 
ഇപ്പോഴിതാ തോല്‍വിയില്‍ ഇന്ത്യന്‍ ടീം കടുത്ത നിരാശയിലാണെന്നും ഡ്രസ്സിങ്ങ് റൂമില്‍ വൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചതെന്നും കോച്ചെന്ന നിലയില്‍ അതെല്ലാം കണ്ടുനില്‍ക്കുക പ്രയാസകരമായിരുന്നുവെന്നും ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറയുന്നു. ഇന്നലെ കലാശപ്പോരില്‍ തോറ്റതിന് പിന്നാലെ സിറാജ് പൊട്ടിക്കരഞ്ഞിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും സങ്കടം നിയന്ത്രിക്കാന്‍ പാടുപ്പെട്ടു. തുടര്‍ന്ന് ഡ്രെസ്സിങ്ങ് റൂമിലും സ്ഥിതി സമാനമായിരുന്നു.
 
ഡ്രെസ്സിങ്ങ് റൂമില്‍ താരങ്ങളെല്ലാം ഇമോഷണലായിരുന്നു. എന്റെ കുട്ടികളെ ആ അവസ്ഥയില്‍ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും സ്വപ്നത്തിനായി പരിശ്രമിച്ചെന്നും എനിക്കറിയാം. അതിനാല്‍ തന്നെ ഒരു പരിശീലകനെന്ന നിലയില്‍ അവരെ തകര്‍ന്ന നിലയില്‍ കണ്ടുനില്‍ക്കുക എനിക്ക് പ്രയാസകരമായിരുന്നു. പക്ഷേ ഇത് സ്‌പോര്‍ട്‌സാണ്. ആ ദിവസത്തെ മികച്ച ടീമായിരിക്കും വിജയിക്കുക. നാളെയും സൂര്യന്‍ ഉദിക്കും. ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ പഠിക്കും. ഉയര്‍ച്ച താഴ്ചകള്‍ ഏത് കായിക ഇനത്തിലുമുണ്ടാകും. അതെല്ലാം സഹിക്കാനുള്ള കരുത്താണ് വേണ്ടത്. ദ്രാവിഡ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍