ഏകദിന ലോകകപ്പിലെ രണ്ടാം ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനെ നേരിടാനൊരുങ്ങുന്നു. വീണ്ടുമൊരു ആവേശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കഴിഞ്ഞ ലോകകപ്പില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയതാണ് ആരാധകരുടെ മനസ്സില്‍ ഓടിയെത്തുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ അഫ്ഗാന് സാധിച്ചിട്ടില്ലെങ്കിലും വെറും നിസാരരായി അഫ്ഗാന്‍ ടീമിനെ കാണാനാവില്ല. കഴിഞ്ഞ ലോകകപ്പിലേതടക്കം അവസാന 2 പോരാട്ടങ്ങളിലും ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളിയാണ് അഫ്ഗാന്‍ ഉയര്‍ത്തിയത്.
2014ല്‍ ഏഷ്യാകപ്പിലാണ് ഇന്ത്യയുമായി അഫ്ഗാന്‍ ആദ്യമായി ഏറ്റുമുട്ടുന്നത്. അന്ന് 8 വിക്കറ്റിന് ഇന്ത്യ അഫ്ഗാനെ തകര്‍ത്തു. പിന്നീട് 2018ലെ ഏഷ്യാകപ്പിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. അന്ന് 2 ടീമുകളും 252 റണ്‍സ് നേടിയ മത്സരം സമനിലയിലായിരുന്നു. 2019ലെ ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അഫ്ഗാന്‍ 224 റണ്‍സിലൊതുക്കിയിരുന്നു. മത്സരത്തില്‍ അവസാന മൂന്നോവറില്‍ 24 റണ്‍സ് മാത്രമാണ് അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറുകളിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അന്ന് ഇന്ത്യയ്ക്ക് വിജയം തരുകയായിരുന്നു. 48ആം ഓവറില്‍ മുഹമ്മദ് ഷമി അന്ന് 3 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. 49മത് ഓവറില്‍ ബുമ്ര 5 റണ്‍സും വഴങ്ങി. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു അഫ്ഗാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.