ഒരു മണിക്കൂറെങ്കിലും വിശ്രമം പ്രതീക്ഷിച്ചു, കുളിച്ച് കഴിഞ്ഞതും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു, കോലി പറഞ്ഞത് ടെസ്റ്റ് പോലെ കളിക്കാൻ: കെ എൽ രാഹുൽ

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (14:58 IST)
ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിളങ്ങിയതോടെ വെറും 199 റണ്‍സിന് ഓസീസിനെ തളച്ചിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും മോശം തുടക്കമായിരുന്നു മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഭിച്ചത്. ഒന്നിന് പുറമെ ഒന്നായി 3 മുന്‍നിരതാരങ്ങളാണ് റണ്‍സൊന്നും നേടാനാകാതെ പവലിയനിലേക്ക് മടങ്ങിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി കെ എല്‍ രാഹുല്‍ കൂട്ടുക്കെട്ടായിരുന്നു ഇന്ത്യയെ രക്ഷിച്ചത്.
 
ഇന്ത്യയുടെ ഫീല്‍ഡിംഗ് കഴിഞ്ഞതിനാല്‍ തന്നെ ബാറ്റ് ചെയ്യാനായി ഇനിയും ഒരു മണിക്കൂര്‍ എന്തായാലും സമയം ഉണ്ടാകുമെന്ന് കരുതിയിരുന്നതായും 3 വിക്കറ്റുകള്‍ വീഴുന്ന അവസരത്തില്‍ താന്‍ ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളുവെന്നും മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്പികളിലൊരാളായ കെ എല്‍ രാഹുല്‍ പറഞ്ഞു. ഗ്രൗണ്ടിലെത്തുമ്പോള്‍ ഞാന്‍ കിതയ്ക്കുകയായിരുന്നു. ഞാന്‍ കുളി കഴിഞ്ഞ് എത്തിയതെ ഉണ്ടായിരുനുള്ളു. 50 ഓവര്‍ കീപ്പ് ചെയ്തതിനാല്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ ഒരു മണിക്കൂറെങ്കിലും വിശ്രമം കിട്ടുമെന്ന് കരുതി. പക്ഷേ അങ്ങനെ തന്നെ ഗ്രൗണ്ടിലെത്തേണ്ട അവസ്ഥയായി.
 
അതിനാല്‍ തന്നെ ഗ്രൗണ്ടിലെത്തുമ്പോള്‍ ഞാന്‍ കിതച്ചിരുന്നു.കോലി എന്റെ അടുത്ത് വന്നു. ബൗളിംഗിന് പിച്ചില്‍ നിന്നും നല്ല സഹായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. കുറച്ച് സമയം നമുക്ക് ടെസ്റ്റ് മത്സരമെന്നത് പോലെ കളിക്കാം. കളി എങ്ങനെ പോകുന്നുവെന്ന് നോക്കിയതിന് ശേഷം പിന്നീട് മറ്റ് കാര്യങ്ങള്‍ നോക്കാമെന്നാണ് കോലി പറഞ്ഞത്. പ്ലാന്‍ അതായിരുന്നു. അങ്ങനെ തന്നെ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രാഹുല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article