ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കെനിയക്കെതിരെ ന്യുസിലാന്റിന് തകര്‍പ്പന്‍ ജയം. കെനിയ ഉയര്‍ത്തിയ 70 റണ്‍സ് വിജയ ലക്‍ഷ്യം വെറും എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ന്യുസിലാന്റ് മറികടന്നു. ബ്രണ്ടന്‍ മക്കല്ലം 26ഉം മാര്‍ട്ടിന്‍ ഗുപ്തിന്‍ 39ഉം റണ്‍സ് എടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കെനിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കെനിയക്ക് നഷ്ടമായത്. ഇതില്‍ മൂന്നു വിക്കറ്റുകളും നേടിയത് ഹമീഷ് ബെന്നത്ത് ആണ്.
ഏഴാം ഓവറില്‍ 14 റണ്‍സ് എടുക്കുന്നതിനിടെ കെനിയയ്ക്ക് ഓപ്പണര്‍ അലക്സ് ഒബാന്ദ (6)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടിം സൗത്തിയുടെ പന്തില്‍ ഒബാന്ദയെ എല്‍ബി ആകുകയായിരുന്നു. പന്ത്രണ്ടാം ഓവറില്‍ സെറന്‍ വാട്ടേഴ്സിനെ (16) ഹമീഷ് ബെന്നത്ത് എല്‍ ബിയില്‍ കുടുക്കി. രണ്ട് റണ്‍സെടുത്ത ടിക്കോളയുടെ കുറ്റിയും ബെന്നത്ത് തെറിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ കോളിന്‍ ഒബായ് (14)യെയും ബെന്നത്ത് പുറത്താക്കി.
ഇരുപത്തിയൊന്നാം ഓവറില്‍ അഞ്ചാമത്തെ ഓവറില്‍ കെനിയ ഓള്‍ ഔട്ട് ആയി. 69 റണ്‍സ് മാത്രമാണ് കെനിയക്ക് നേടാനായത്. കെനിയക്ക് വേണ്ടി സരണ്‍ വാട്ടേഴ്‌സ് ആര്‍ ആര്‍ പട്ടേല്‍ എന്നിവര്‍ 16 റണ്‍സ് വീതമെടുത്തു. കോളിന്‍സ് ഒബുയ 14 റണ്‍സെടുത്തു.
കിവീസ് നിരയില്‍ ബെന്നത്ത് മൊത്തം നാലു വിക്കറ്റെടുത്തു. ജേക്കബ് ഓറം, ടിം സൗത്തി എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മൂന്നാം മത്സരം ഉച്ചയ്ക്ക് 2.30-ന് ശ്രീലങ്കയില്‍ നടക്കും. ശ്രീലങ്കയും കാനഡയും തമ്മിലാണ് മത്സരം.