സമ്മാനിച്ചത് രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും; ഇത് ധോണിയെ വിരമിപ്പിക്കാനുള്ള തന്ത്രം!

Webdunia
വ്യാഴം, 4 ജൂലൈ 2019 (15:49 IST)
ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതിന് പിന്നാലെ പുറത്തുവന്ന വാര്‍ത്തയായിരുന്നു മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ (ബിസിസിഐ) മുതിർന്ന അംഗത്തെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.

പ്രചരിച്ച വാര്‍ത്തയ്‌ക്ക് പിന്നില്‍ വലിയൊരു ഗൂഡാലോചന നടന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടീമില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്‌ത്രിയോടും ധോണി ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ഇരുവരും അറിയാത്ത വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ധോണി പ്രധാന കാര്യങ്ങള്‍ പങ്കുവയ്‌ക്കാറുള്ള മുൻ ബിസിസിഐ പ്രസിഡന്റ് എൻ. ശ്രീനിവാസന്‍ പോലും പ്രചരിച്ച വാര്‍ത്ത തള്ളിക്കളഞ്ഞു എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോഹ്‌ലിയും ശാസ്‌ത്രിയുമറിയാതെ ധോണി ഒരു തീരുമാനവും എടുക്കില്ല. എപ്പോഴും ഒപ്പം നില്‍ക്കുന്ന ധോണിയെ തന്റെ ഗോ‌ഡ്‌ഫാദറായിട്ടാണ് വിരാട് കാണുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം അത്രയും ശക്തമാണ്.

ഈ സാഹചര്യത്തില്‍ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയ്‌ക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമാണ്. വിരമിക്കൽ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ധോണിയിലേക്ക് സമ്മർദ്ദം എത്തുന്നതിന് വേണ്ടിയു സൃഷ്ടിച്ച വാർത്തകളാണിത്. ഇപ്പോഴത്തെ സിലക്‌ഷൻ കമ്മിറ്റിയുടെ കാലാവധി ഈ വർഷം അവസാനത്തോടെ തീരും.  അതിന് മുമ്പോ പുതിയ കമ്മിറ്റി വരുന്ന ഉടനെയോ ധോണിയെ പുറത്താക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വാർത്തകളെന്നുമാണ് ഒരു വിഭാഗം ബിസിസിഐ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച സൂപ്പര്‍ താരത്തിനെതിരെ അണിയറയില്‍ നീക്കം നടക്കുന്നു എന്നതിന്റെ തെളിവാണ് പുറത്തുവന്ന വാര്‍ത്തകള്‍. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ബിസിസിഐയോ സെലക്ഷന്‍ കമ്മറ്റിയോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വസ്‌തുത.

അനുബന്ധ വാര്‍ത്തകള്‍

Next Article