ജയിച്ചത് മഴ, തോറ്റത് ആരാധകര്‍; ഇന്ത്യ- കിവീസ് പോരാട്ടം ഉപേക്ഷിച്ചു
ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടത്തിനായി കാത്തിരുന്നവരെ നിരാശരാക്കി മത്സരം ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റുകള്‍ വീതം പങ്കിട്ടു.
ഇടവിട്ട് പെയ്യുന്ന മഴയ്ക്ക് ഒപ്പം ഔട്ട്ഫീല്‍ഡും മത്സരത്തിന് യോഗ്യമല്ല എന്ന അവസ്ഥയിലാണ്. ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മൽസരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും എല്ലാം വെറുതെയായി.
ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അമ്പയര്‍മാര്‍ അറിയിച്ചത്.
ഒന്നിനു പുറകെ ഒന്നായി മഴ പെയ്‌തതോടെ മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. ഇതോടെ ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരങ്ങളുടെ എണ്ണം നാലായി.