അന്ന് രാത്രി ഉറങ്ങാൻ യുവരാജിനു ഉറക്ക ഗുളികയുടെ സഹായം വേണ്ടി വന്നു; അധികം ആർക്കും അറിയാത്ത ആ കഥ ഇങ്ങനെ

വ്യാഴം, 13 ജൂണ്‍ 2019 (12:41 IST)
യുവരാജ് സിംഗിന്റെ വിടവാങ്ങള്‍ പ്രസംഗം കഴിഞ്ഞതും സദസ് നിശ്ചലമായിരുന്നു. വാർത്തയറിഞ്ഞ ഓരോ ക്രിക്കറ്റ് പ്രേമികളുടെയും മനസ് നീറി. അർഹിക്കുന്ന പ്രശംസകൾ യുവിക്ക് ലഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് വിമർശകർ പറയുന്നത്. യുവിയുടെ ഏകദിന അരങ്ങേറ്റത്തിന്റെ അന്നേ ദിവസത്തെ സംഭവങ്ങൾ അധികം ആർക്കും അറിയത്തില്ല. ആ കഥയിങ്ങനെ: 
 
അരങ്ങേറ്റത്തിന്റെ തലേദിവസം ഗാംഗുലി യുവരാജിന്റെ മുറിയിൽ വന്നിട്ട് ചോദിച്ചു ‘നാളെ ഓപ്പണ്‍ ചെയ്യില്ലേ’?. 
 
ചെയ്യാമെന്ന് പറഞ്ഞതും ഗാംഗുലി പോയി. എന്നാൽ, ജീവിതത്തിൽ ഇന്ന് വരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ പോലും ഓപ്പണ്‍ ചെയ്യാത്ത യുവരാജിന് ആ നിമിഷം മുതൽ ടെൻഷൻ ആരംഭിച്ചു.
 
ക്യാപ്റ്റന്റെ വാക്ക് ധിക്കരിക്കാനും വയ്യ ഓപ്പണ്‍ ചെയ്യാനുള്ള ആത്മവിശ്വാസവും ഇല്ല തന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ചു പോലും യുവരാജ് ചിന്തിച്ചു. എന്തിനധികം പറയുന്നു അന്ന് രാത്രി ഉറങ്ങാൻ യുവരാജിനു ഉറക്ക ഗുളികയുടെ സഹായം വേണ്ടി വന്നു. 
 
എന്നാൽ, പിറ്റേന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് താൻ ഇന്നലെ പറഞ്ഞത് തമാശയ്ക്ക് ആയിരുന്നുവെന്ന് ദാദ യുവിയെ അറിയിക്കുന്നത്. ഇതോടെ പോയ ശ്വാസം യുവിക്ക് തിരികെ കിട്ടി. ഗാംഗുലി ഈ സംഭവം അന്നേ മറന്നു എന്നാൽ യുവരാജ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല എന്ന് വേണം പറയാൻ. 
 
കൃത്യം അഞ്ച് വർഷം കഴിഞ്ഞ് ഒരു ഏപ്രിൽ ഒന്നാം തിയ്യതി യുവരാജ് ഗാംഗുലിക്ക് എട്ടിന്റെ പണികൊടുത്തു. ടീം മീറ്റിംഗ് നടക്കുന്ന സമയം ഗാംഗുലി എത്തുന്നതിനു മുന്നേ തന്നെ ടീം അംഗങ്ങൾ അവിടെ എത്തിയിട്ടുണ്ട്. ദാദ എത്തിയതും എല്ലാവരും സംസാരം നിർത്തി. മുഖം കറുപ്പിച്ചിരിക്കാൻ തുടങ്ങി, പന്തികേട് മനസിലാക്കിയ ദാദ കുറെ ചോദിച്ചിട്ടും ആരും ഒന്നും വിട്ടു പറയുന്നില്ല. 
 
ഒരു പത്രത്തിനു ഗാംഗുലി നൽകിയ അഭിമുഖത്തിന്റെ പ്രിന്റ്‌ ഔട്ട്‌ ടീം മാനേജർക്ക് വീരേദ്ര സേവാഗും ഹർഭജൻ സിംഗും നൽകി. ഒരു കോപ്പി ഗാംഗുലിക്കും .തലേ ദിവസം ടീം അംഗങ്ങൾ തന്നെ ഉണ്ടാക്കിയ സാങ്കൽപ്പിക അഭിമുഖത്തിന്റെ പ്രിന്റ്‌ ഔട്ട്‌ ആയിരുന്നു അത് . 
 
” ടീം അംഗങ്ങളുടെ പെരുമാറ്റം ശരിയെല്ല. ഒരു ഒത്തൊരുമയില്ല. യുവരാജും ഹർഭജനും ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നൊക്കെയാണു ആ അഭിമുഖത്തിൽ ഉണ്ടായിരുന്നത് ”. സംഭവം കണ്ടതും ദാദ ടെൻഷനായി. താൻ ഇങ്ങനെയൊരു അഭിമുഖം കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് നോക്കിയെങ്കിലും എല്ലാവരും ദാദയെ എതിർത്ത് സംസാരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ നോക്കിയെങ്കിലും നടന്നില്ല. 
 
പെട്ടന്ന് ആശിഷ് നെഹ്റയും ഹർഭജനും ഇങ്ങനെ ഒരു ക്യാപ്റ്റൻ പങ്കെടുക്കുന്നു മീറ്റിംഗിൽ ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ക്ഷോഭിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. രാജി വെയ്ക്കുകയാണെന്ന് ദാദ പറഞ്ഞപ്പോൾ ഏവരും ചിരിച്ച് കൊണ്ട് പറഞ്ഞു ‘ഏപ്രിൽ ഫൂൾ’. കലി തുള്ളിയ ഗാംഗുലി അവിടെ ഉണ്ടായിരുന്ന ഒരു ബാറ്റ് എടുത്തു ടീം അംഗങ്ങളെ അവിടെന്ന് ഓടിച്ച് വിട്ടു.
 
ഓടുന്നതിന്റെ ഇടയിൽ ടീം അംഗങ്ങൾ ഒപ്പിട്ട ഒരു പേപ്പർ യുവരാജ് ഗാംഗുലിക്ക് നൽകി അതിലെ വാചകം ഇങ്ങനെ ആയിരുന്നു “Dada, we all love you” ദാദാ ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു. യുവിയുടെ ഇത്തരത്തിലുള്ള പല കോമഡികളും ഇന്ത്യൻ ടീമിനുള്ളിൽ പലർക്കും പറയാനുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍