ടീമിലുണ്ടാകും പക്ഷേ ഗ്രൌണ്ടിലിറങ്ങില്ല; ധോണിക്ക് ഇനി പുതിയ ഡ്യൂട്ടി - വിരമിക്കല്‍ ഇപ്പോഴില്ല!
ബുധന്‍, 17 ജൂലൈ 2019 (15:38 IST)
ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം എന്താകുമെന്ന ആശങ്കയാണ് ആരാധകരിലുള്ളത്.
വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ധോണിക്ക് ഇടം ലഭിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമായി തീര്‍ന്നിരിക്കുന്നു. ചര്‍ച്ചകളും വിവാദങ്ങളും ചൂട് പിടിച്ച സാഹചര്യത്തില്‍ വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച ധോണിയെ കൈവിടാന്‍ ബി സി സി ഐയിലെ ഒരു വിഭാഗം അംഗങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ യുവതാരം റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറാകും. എന്നാല്‍, ധോണിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാത്ത പന്ത് വിക്കറ്റിന് പിന്നില്‍ അശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തി പന്തിനെ വളര്‍ത്തിയെടുക്കുക എന്ന ഡ്യൂട്ടിയാകും ധോണിക്ക്. പന്ത് വിക്കറ്റിന് പിന്നിലെ ശക്തിയാകുന്നതുവരെ ധോണിയും ഒപ്പമുണ്ടാകും. ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഉള്‍പ്പെടുമെങ്കിലും പ്ലേയിംഗ് ഇലവനില്‍ ധോണി ഉണ്ടാകില്ലെന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ അംഗം പറഞ്ഞു.
പറയത്തക്ക റെക്കോര്‍ഡുകളും നേട്ടങ്ങളും ഒന്നുമില്ലാത്ത ദിനേഷ് കാര്‍ത്തിക്കിനെ ഇനി പരിഗണിക്കേണ്ട എന്ന നിലപാടിലാണ് സെലക്‍ടര്‍മാര്‍. പ്രതീക്ഷയോടെ ലോകകപ്പ് സക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും സെമിയില്‍ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കിയതാണ് താരത്തിന് വിനയായത്.