ഇന്ത്യയിലേക്ക് വരാന്‍ പാക് ടീമിന് നവാസ് ഷെരീഫിന്റെ അനുമതി; വൈകുന്നേരത്തോടെ ടീം യാത്ര തിരിക്കും

വ്യാഴം, 10 മാര്‍ച്ച് 2016 (07:01 IST)
ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ പാക് ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതായി സൂചന. എന്നാല്‍ വിഷയത്തില്‍ അഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാനാണ് അന്തിമ തീരുമാനമെടുക്കുക. പാക് ടീം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. തീരുമാനം അനുകൂലമായാല്‍ വൈകീട്ട് തന്നെ ടീം ഇന്ത്യയിലേക്ക് തിരിക്കും എന്നാണ് സൂചന. 
 
സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയിരുന്ന മൂന്നംഗ സമിതി അതൃപ്തി അറിയിച്ചിതിനെ തുടര്‍ന്ന് മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കേണ്ട ഇന്ത്യാ-പാക് മത്സരത്തിന്റെ വേദി മാറ്റണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കൊല്‍ക്കത്തയിലേക്കോ മൊഹാലിയിലേക്കോ മാറ്റണമെന്നാണ് പി സി ബി ആവശ്യപ്പെട്ടിരുന്നത്.  

മാര്‍ച്ച് 12ന് ബംഗാള്‍ ടീമിനെതിരെ പാകിസ്ഥാന് സൗഹൃദ മത്സരമുണ്ട്. ഇതിന് ശേഷം മാര്‍ച്ച് 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡിലാണ് ടീമിന്റെ ആദ്യ മത്സരം. 

വെബ്ദുനിയ വായിക്കുക