ടി20 ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇന്ത്യന്‍ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. സിംബാബ്വെയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അസാന്നിധ്യത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ യുവനിരയെ നയിക്കുന്നത്.
ലോകകപ്പ് നേടിയ ടീമിലെ ആരും തന്നെ ആദ്യ 2 മത്സരങ്ങള്‍ക്കില്ലെങ്കിലും സഞ്ജു സാംസണ്‍,യശ്വസി ജയ്‌സ്വാള്‍,ശിവം ദുബെ എന്നിവര്‍ അവസാന 3 ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം ചേരും. ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗ്,അഭിഷേക് ശര്‍മ,ഹര്‍ഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് ടീം. സഞ്ജു സാംസണ്‍,യശ്വസി ജയ്‌സ്വാള്‍,ശിവം ദുബെ എന്നിവര്‍ ആദ്യ മത്സരങ്ങള്‍ക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍,ജിതേഷ് ശര്‍മ,ഹര്‍ഷിത് റാണ എന്നിവര്‍ ടീമിലിടം നേടി.
ടി20 ടീമില്‍ നിന്നും സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനാല്‍ തന്നെ ഈ ഒഴിവുകളില്‍ ടീമില്‍ ഇടം പിടിക്കാനാണ് യുവതാരങ്ങള്‍ ലക്ഷ്യമിടുന്നത്. ജൂലൈ 6,7,10,13,14 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 4:30നാകും മത്സരങ്ങള്‍ നടക്കുക. സോണി നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗ് ആയി സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാനാകും.