ടെസ്‌റ്റ് മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയും അശ്വിനും ടീമില്‍ നിലനിന്നപ്പോള്‍ ഏകദിനത്തില്‍ കോഹ്‌ലിയുടെ വിശ്വസ്‌തരായിരുന്നു ചാഹലും കുല്‍ദീപും. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഭാഗ്യത്തിന്റെ പുറത്താണ് ചാഹല്‍ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.
അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് മോശം പ്രകടനം പുറത്തെടുത്തതാണ് മൂന്നാം ഏകദിനത്തില്‍ ചാഹലിന് അവസരം ലഭിക്കാന്‍ കാരണമായത്. മെല്‍ബണിലെ വലിയ ഗ്രൌണ്ടില്‍ ചാഹലിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും മുന്‍കൂട്ടി കണ്ടിരുന്നു.
ക്യാപ്‌റ്റന്റെ തീരുമാനം ശരിവെച്ച് പന്തെറിഞ്ഞ ചാഹല്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ കടപുഴക്കി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന് തോന്നിപ്പിച്ച നിമിഷമാണ് ആറ് വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്‌പിന്നര്‍ കളം നിറഞ്ഞത്.
ഇതോടെ സ്‌പിന്‍ ഇതിഹാസം ഷെയ്ൻ വോണിനു പോലും സാധിക്കാത്ത നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ആറ് ഏകദിനത്തില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ സ്‌പിന്നറെന്ന കൊതിപ്പിക്കുന്ന നേട്ടമാണ് ചാഹലിന് സ്വന്തമായത്.
ഇതേ ഗ്രൌണ്ടില്‍ 2004ൽ അജിത് അഗാര്‍ക്കര്‍ 9.3 ഓവറില്‍ 42 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് ചാഹലും എത്തിയിരിക്കുന്നത്. ഇരുവരും 42 റണ്‍സാണ് വഴങ്ങിയതെന്ന പ്രത്യേകതയുമുണ്ട്.