ചെണ്ട സിറാജില്‍ നിന്ന് സിറാജിക്കയിലേക്ക്; കോലി നട്ടുവളര്‍ത്തിയ ബൗളിങ് കരുത്ത്
വെള്ളി, 21 ഏപ്രില്‍ 2023 (09:05 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏവരേയും ഞെട്ടിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു മുഹമ്മദ് സിറാജിന്റേത്. ഏത് ബാറ്റര്‍ക്കും അനായാസം കളിക്കാന്‍ കഴിയുന്ന ബൗളറില്‍ നിന്ന് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഏത് കൊലകൊമ്പന്‍ ബാറ്ററേയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍ എന്ന നിലയിലേക്കുള്ള സിറാജിന്റെ മാറ്റം ഏവരേയും അത്ഭുതപ്പെടുത്തി. ഐപിഎല്ലില്‍ ചെണ്ട സിറാജ് എന്നായിരുന്നു മുഹമ്മദ് സിറാജിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ വരെ വിളിച്ചിരുന്ന ഇരട്ടപ്പേര്. എന്നാല്‍ ഇപ്പോള്‍ ആര്‍സിബി നിരയില്‍ തങ്ങള്‍ക്ക് ഏറെ വിശ്വാസമുള്ള ബൗളര്‍ സിറാജാണെന്നാണ് ആരാധകര്‍ പറയുന്നത്. അവര്‍ അവനൊരു ചെല്ലപ്പേരും നല്‍കി, സിറാജിക്ക !
ശരാശരിക്ക് താഴെയുള്ള ബൗളറില്‍ നിന്ന് ലോകോത്തര ബൗളറിലേക്കുള്ള സിറാജിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. കോവിഡ് കാലത്താണ് താന്‍ സ്വയം പുതുക്കാനും കുറവുകള്‍ പരിഹരിച്ച് മുന്നേറാനും ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ തുടങ്ങിയതെന്ന് സിറാജ് പറയുന്നു. ഈ സീസണില്‍ ആറ് കളികള്‍ കഴിയുമ്പോള്‍ വെറും 6.71 ഇക്കോണമിയില്‍ 12 വിക്കറ്റുകളാണ് സിറാജ് നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് സിറാജിന്റെ കൈവശമാണ്.
' ലോക്ക്ഡൗണ്‍ കാലഘട്ടം എനിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിനു മുന്‍പ് വരെ എന്നെ തുടര്‍ച്ചയായി ബൗണ്ടറികള്‍ അടിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ബൗളിങ്, ഫിറ്റ്‌നെസ് എന്നിവയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എനിക്ക് സാധിക്കുന്ന നിലയിലെല്ലാം ടീമിന് വേണ്ടി എന്തെങ്കിലും നല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഓരോ വിഭാഗങ്ങളും മെച്ചപ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു,' സിറാജ് പറഞ്ഞു.
കുറവുകള്‍ കണ്ടെത്തി അത് പരിഹരിച്ച് ഓരോ വിഭാഗത്തിലും എങ്ങനെ മെച്ചപ്പെടണമെന്ന് സ്വയം വിലയിരുത്തുകയായിരുന്നു സിറാജ്. ഒടുവില്‍ ആ പ്രയത്‌നങ്ങള്‍ ഫലം കണ്ടു. 2017 സീസണില്‍ ആറ് കളികള്‍ മാത്രമാണ് സിറാജ് കളിച്ചത്. ഇക്കോണമി 9.21 ആയിരുന്നു. അന്ന് പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കിലും പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്ന സിറാജ് ടീമിന് ബാധ്യതയായിരുന്നു. 2018 ലേക്ക് എത്തിയപ്പോള്‍ ഇക്കോണമി 8.95 ആയി. 2019 ല്‍ 9.55 ആയിരുന്നു ഇക്കോണമി. 2020 ല്‍ 8.68. 2021 ലാണ് സിറാജ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ്, ഇക്കോണമി വെറും 6.78 ആയിരുന്നുയ എന്നാല്‍ 2022 സീസണില്‍ 15 കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് മാത്രമാണ് സിറാജിന് നേടാനായത്, ഇക്കോണമി ആകട്ടെ 10.08 !
ഈ സീസണിലേക്ക് എത്തിയപ്പോള്‍ അടിമുടി മാറിയിരിക്കുകയാണ് സിറാജ്. കൃത്യമായ ലൈനും ലെങ്തും പാലിച്ച് ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകള്‍ അടക്കം എറിഞ്ഞ് എതിരാളികളെ വലയ്ക്കാന്‍ സിറാജിന് കഴിയുന്നുണ്ട്. സിറാജിനെ ആരാധകര്‍ പോലും കൈവിട്ട സമയത്തും ചേര്‍ത്തുപിടിച്ചത് ആര്‍സിബി മാനേജ്‌മെന്റും വിരാട് കോലിയുമാണ്. എന്തൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാലും സിറാജിനെ ഉപേക്ഷിക്കില്ലെന്ന് കോലി തീരുമാനിച്ചു. ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നുകൊടുത്തത് കോലി തന്നെ. കോലിയുടെ വിശ്വാസം കാക്കാന്‍ സിറാജിനും സാധിച്ചു. അതിന്റെ പ്രതിഫലനമാണ് ഏകദിനത്തിലെ ഐസിസി ഒന്നാം റാങ്ക്.
മെഗാ താരലേലത്തില്‍ യുസ്വേന്ദ്ര ചഹലോ മുഹമ്മദ് സിറാജോ എന്ന ചോദ്യം വന്നപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സിറാജ് മതിയെന്ന് ആര്‍സിബി തീരുമാനിച്ചത് അത്രത്തോളം വിശ്വാസം സിറാജില്‍ ഉള്ളതുകൊണ്ടാണ്. ആ വിശ്വാസം സംരക്ഷിക്കാന്‍ തന്റെ നൂറ് ശതമാനം നല്‍കാന്‍ സിറാജ് പരിശ്രമിക്കുന്നുമുണ്ട്.