ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കും? തലപുകച്ച് ബിസിസിഐ, ടെസ്റ്റിലും ട്വന്റി 20 യിലും തീരുമാനമായി

ശനി, 24 ജൂണ്‍ 2023 (10:10 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ യുഗത്തിനു അവസാനമാകുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഏകദിന ലോകകപ്പിന് ശേഷം ഏകദിന ക്യാപ്റ്റന്‍സിയും രോഹിത് രാജിവയ്ക്കും. മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരാന്‍ താല്‍പര്യമില്ലെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ വലിയൊരു അഴിച്ചുപണിക്കാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രോഹിത് ടെസ്റ്റ് നായകസ്ഥാനം രാജിവയ്ക്കും. അജിങ്ക്യ രഹാനെയായിരിക്കും രോഹിത്തിന്റെ പകരക്കാരനാകുക. ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ രഹാനെയുടെ ഉപനായകന്‍ ആകും. രഹാനെ ടെസ്റ്റ് നായകന്‍ ആയാലും പരമാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആ സ്ഥാനത്ത് ഉണ്ടാകില്ല. 
 
നായകസ്ഥാനത്തിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യവും രോഹിത്തിന്റെ പരിഗണനയിലുണ്ട്. അങ്ങനെ വന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന യഷസ്വി ജയ്‌സ്വാള്‍ രോഹിത്തിന് പകരം ഓപ്പണറായി ടീമിലെത്തും. ശുഭ്മാന്‍ ഗില്‍ - യഷ്വസി ജയ്‌സ്വാള്‍ സഖ്യമായിരിക്കും ഭാവിയില്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍മാര്‍. 
 
ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ഇപ്പോഴേ ഇടവേളയെടുത്തു കഴിഞ്ഞു. ട്വന്റി 20 യിലേക്ക് താരം ഇനി മടങ്ങിയെത്തില്ല. ഹാര്‍ദിക് പാണ്ഡ്യ ടി 20 ഫോര്‍മാറ്റില്‍ സ്ഥിരം നായകനാകും. ശുഭ്മാന്‍ ഗില്‍ ഉപനായകന്‍ ആകാനാണ് സാധ്യത. 
 
ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന് പകരക്കാരനെ ഉടന്‍ അന്വേഷിക്കേണ്ടതില്ലെങ്കിലും ലോകകപ്പിന് ശേഷം അതിലും മാറ്റം വരും. ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് രോഹിത്തിന് നിര്‍ണായകമാണ്. ജേതാക്കളായാലും ഇല്ലെങ്കിലും രോഹിത് ഏകദിന ക്യാപ്റ്റന്‍സിയില്‍ അധികകാലം ഉണ്ടാകില്ല. എന്നാല്‍ ഏകദിനത്തില്‍ രോഹിത്തിന്റെ പകരക്കാരനായി ആര് വേണം എന്ന കാര്യത്തില്‍ ബിസിസിഐയ്ക്ക് ഇപ്പോഴും ഉത്തരമില്ല. ട്വന്റി 20 നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ തന്നെ ഏകദിനത്തിലും നായകനാക്കണോ എന്ന് ബിസിസിഐ ആലോചിക്കുന്നുണ്ട്. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കാണ് മറ്റൊരു സാധ്യത. ഏകദിന ലോകകപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍