Who is Akash Deep: ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം വലംകൈയന്‍ പേസര്‍ ആകാശ് ദീപിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡില്‍ നിന്നാണ് ആകാശ് തന്റെ അരങ്ങേറ്റ ക്യാപ് വാങ്ങിയത്. നിറകണ്ണുകളോടെ അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങി. അരങ്ങേറ്റത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 313-ാമത്തെ താരമാണ് ആകാശ് ദീപ്. ജീവിതത്തിലുണ്ടായ ഒട്ടേറെ കഷ്ടപ്പാടുകളെ 'ക്ലീന്‍ ബൗള്‍ഡ്' ആക്കിയാണ് ആകാശ് തന്റെ സ്വപ്‌നമായ ക്രിക്കറ്റിലേക്കുള്ള ദൂരം കുറച്ചത്. ബിഹാറിലെ സസരാം ഗ്രാമത്തിലാണ് ആകാശിന്റെ ജനനം. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ആകാശിന്. എന്നാല്‍ ക്രിക്കറ്റ് കളിച്ചു നടന്നാല്‍ മകന്റെ ഭാവി തകരുമെന്നായിരുന്നു ആകാശിന്റെ പിതാവിന്റെ ചിന്ത. അതുകൊണ്ട് ആകാശിന്റെ ക്രിക്കറ്റ് താല്‍പര്യത്തെ തുടക്കം മുതല്‍ പിതാവ് റാംജി സിങ് എതിര്‍ത്തു.
ഒരു ജോലിക്ക് തേടി ആകാശ് ദുര്‍ഗാപൂര്‍ നഗരത്തിലെത്തുകയും അമ്മാവന്റെ സഹായത്തോടെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ ചേരുകയും ചെയ്തു. ആകാശിന്റെ പേസ് ബൗളിങ് അക്കാലത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്‌ട്രോക്ക് മൂലം തന്റെ പിതാവ് മരിച്ചതോടെ ക്രിക്കറ്റ് കരിയര്‍ ഏറെ അസ്തമിച്ചെന്ന് ആകാശ് വിചാരിച്ചു. തൊട്ടുപിന്നാലെ മൂത്ത സഹോദരനും മരിച്ചത് ആകാശിന് ഇരട്ടി പ്രഹരമായി.
പിതാവും ചേട്ടനും മരിച്ചതോടെ വീടിന്റെ ഉത്തരവാദിത്തം ആകാശിന്റെ തലയിലായി. അമ്മയുടെ കാര്യങ്ങള്‍ നോക്കാനായി ആകാശ് മറ്റൊരു ജോലി നേടി. മൂന്ന് വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി മാറിനിന്നു. അപ്പോഴും ക്രിക്കറ്റിനോടുള്ള താല്‍പര്യം ആകാശ് ദീപ് ഉപേക്ഷിച്ചില്ല. ജീവിത നിലവാരം മെച്ചപ്പെട്ടപ്പോള്‍ വീണ്ടും ക്രിക്കറ്റ് പരിശീലനത്തിലേക്ക് താരം തിരിച്ചെത്തി. കൊല്‍ക്കത്ത നഗരത്തിലേക്ക് ചേക്കേറുകയും കസിന്‍ സഹോദരനൊപ്പം വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയും ചെയ്തു. 2019 ല്‍ ബംഗാള്‍ അണ്ടര്‍ 23 ടീമില്‍ അരങ്ങേറിയതോടെ ആകാശിന്റെ രാശി തെളിഞ്ഞു. 2022 ഐപിഎല്‍ സീസണിനു മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആകാശിനെ സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം ചെലവഴിച്ചാണ് ആര്‍സിബി ആകാശിനെ തങ്ങളുടെ കോട്ടയില്‍ എത്തിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും..!