ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് കളിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് ക്വാളിഫയറിലെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയാകുന്നത്. നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡിനോട് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങി. ഇത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഗ്രൂപ്പ് എയില്‍ നിന്ന് സിംബാബെ, നെതര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ സിക്‌സിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പോയിന്റുകളൊന്നും ഇല്ലാതെ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വരവ്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുള്ള സിംബാബെയ്ക്ക് സൂപ്പര്‍ സിക്‌സിലേക്ക് എത്തുമ്പോള്‍ കൈവശം നാല് പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് എത്തുന്ന നെതര്‍ലന്‍ഡ്‌സിന് രണ്ടും പോയിന്റും ഉണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് പോയിന്റൊന്നും കൈവശമില്ല.
ഗ്രൂപ്പ് ബിയിലേക്ക് വന്നാല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇന്ന് ജയിക്കുകയാണെങ്കില്‍ നാല് പോയിന്റുമായി ശ്രീലങ്ക ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് എത്തും. സ്‌കോട്ട്‌ലന്‍ഡ് രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് പ്രവേശിക്കും. നാല് പോയിന്റോടെ സൂപ്പര്‍ സിക്‌സിലേക്ക് എത്തുന്ന സിംബാബെയും ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസിന് ശക്തമായ വെല്ലുവിളിയാകും. സൂപ്പര്‍ സിക്‌സിലെ മൂന്ന് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായി ജയിച്ചാല്‍ മാത്രമേ പിന്നീട് കാര്യമുള്ളൂ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ സിംബാബെയും ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ സാധ്യതയുള്ള ശ്രീലങ്കയും ആകും ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യുക.