വിന്‍ഡീസ് നഷ്ടപരിഹാരം നല്‍കിയില്ല; ബിസിസിഐ കടുത്ത നടപടികളിലേക്ക്

ശനി, 24 ജനുവരി 2015 (18:12 IST)
വിന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ നിന്ന് പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങിയതിനെ തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാത്ത വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ അന്ത്യശാസന നല്‍കി. ബിസിസിഐ നല്‍കിയ കത്തിന് ഒരാഴ്ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും മുന്നറിയിപ്പു നല്‍കി.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി വേതനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒക്ടോബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുകയായിരുന്ന വിന്‍ഡീസ് ടീം തിരികെ പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരമായി 41.97 മില്യന്‍ ഡോളര്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ കത്തെഴുതിയിരുന്നു.

കത്ത് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ബിസിസിഐ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്. പരമ്പര മുടങ്ങിയതോടെ വിന്‍ഡീസ് ബോര്‍ഡുമായുള്ള എല്ലാ ബന്ധവും ബിസിസിഐ ഉപേക്ഷിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക