ഈ നീക്കം വിജയിച്ചാല്‍ കോഹ്‌ലിയെ രക്ഷിക്കാന്‍ ധോണിക്കും സാധിക്കില്ല; ടീമില്‍ രോഹിത് രാജാവാകുമോ ? - രഹാനയുടെ ഉപനായകസ്ഥാനം തെറിക്കും

വ്യാഴം, 25 മെയ് 2017 (14:08 IST)
ഐപിഎല്‍ പത്താം സീസണ്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടിമുടി മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

മോശം ഫോം തുടരുന്ന അജിങ്ക്യ രഹാനയെ ഉപനായക സ്ഥാനത്തു നിന്നും മാറ്റി രോഹിത് ശര്‍മ്മയെ ആ സ്ഥാനം ഏല്‍പ്പിക്കാനാണ് ബിസിസിഐയിലും സെലക്ടര്‍മാര്‍ക്കിടയിലും ധാരണയായത്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് സൂചന.

മോശം ഫോമാണ് രഹാനയ്‌ക്ക് തിരിച്ചടിയായത്. അടുത്തമാസം ആരംഭിക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫിക്കു ശേഷമോ അതിനു മുമ്പോ ആയിരിക്കും ഉപനായക സ്ഥാനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകുക. ചാമ്പ്യന്‍‌സ് ട്രോഫിയിലെ പ്രകടനമാകും രോഹിത്തിനും രഹാനയ്‌ക്കും നിര്‍ണായകമാകുക.

ട്വന്റി-20 ടീം നായകനാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നാണ് രോഹിത്ത് മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആയിക്കൂടെയെന്ന ചോദ്യത്തിന് അതിന് സമയമായില്ലെന്നും അവസരം വന്നാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.

ഐപിഎല്ലില്‍ പരാജയമായ കോഹ്‌ലിക്ക് ഭീഷണിയാകുന്നുണ്ട് രോഹിത്തിന്റെ വാക്കുകളും സെലക്ടര്‍മാരുടെ നീക്കങ്ങളും. ധോണിയുടെ തളണലില്‍ ക്യാപ്‌റ്റന്‍ സ്ഥനം വഹിക്കുന്ന കോഹ്‌ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അല്ലാത്ത പക്ഷം രോഹിത്ത് ടീം ഇന്ത്യയുടെ നായകസ്ഥാനം സ്വന്തമാക്കാനുള്ള സാധ്യത വിദൂരമല്ല.

വെബ്ദുനിയ വായിക്കുക