പന്തിന്റെ കാര്യം കഷ്ടത്തിൽ; പരിക്കിനെ കുറിച്ച് ഡൽഹി നായകൻ ശ്രേയസ് അയ്യർ

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (13:02 IST)
ദുബായ്: ഐ‌പിഎൽ 13 ആം സീസണിൽ മികച്ച രീതിയിൽ മുന്നോട്ടുപോവുകയാണ് ഡൽഹി ക്യാപിറ്റൽസ്. കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഡൽഹി പരാജയപ്പെട്ടത്. പോയന്റ് പട്ടികയിൽ രണ്ടാമതാണ് നിലവിൽ ഡൽഹിയുടെ സ്ഥാനം. മുബൈയ്ക്ക് എതിരായ മത്സരം വിജയിച്ചിരുന്നു എങ്കിൽ ഡൽഹി പോയന്റ് പട്ടികയിൽ മുംബൈയെ മറികടന്ന് ഒന്നാമത് എത്തുമായിരുന്നു. എന്നാൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെ യുവതാരം ഋഷഭ് പന്തിന്റെ പരിക്ക് ഡൽഹിയ്ക്ക് തിരിച്ചടിയാവുകയാണ്. ഋഷഭിന്റെ പരിക്ക് സംബന്ധിച്ച് ആശങ്ക പങ്കുവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഡൽഹി നായകൻ ശ്രേയസ് അയ്യർ. 
 
പന്തിന് എപ്പോൾ മത്സരത്തിലേയ്ക്ക് തിരികെയെത്താനാകുമെന്ന് പറയാനാകില്ല എന്നായിരുന്നു മുംബൈയ്ക്കെതിരായ മത്സരശേഷം ശ്രേയസ് അയ്യരുടെ പ്രതികരണം. 'റിഷഭിന് എപ്പോള്‍ തിരിച്ചുവരാനാകുമെന്നത് എനിക്കറിയില്ല. ഞാന്‍ ഡോക്ടറോട് സംസാരിച്ചപ്പോള്‍ ഒരാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് പറഞ്ഞത്' ശ്രേയസ് അയ്യർ പറഞ്ഞു. ഇതോടെ 14ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും പന്തിന് കളിയ്ക്കാനാകില്ല എന്ന് ഉറപ്പായി. 
 
അലക്‌സ് ക്യാരിയേയാണ് റിഷഭ് പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പൊസിഷനിൽ ഇറക്കുന്നത്. ഈ പൊസിഷനിൽ മികവുള്ള കളിയ്ക്കാരൻ തന്നെയാണ് അലക്സ് ക്യാരി എങ്കിലും, ഐ‌പിഎലിൽ അനുഭവ സമ്പത്ത് കുറവാണ്. ഐ‌പിഎലിൽ മികച്ച റെക്കോർഡുള്ള പന്തിന്റെ അഭാവം ഡൽഹിയ്ക്ക് തിരിച്ചടിയാകും. ഇത്തവണ വലിയ പ്രകടനങ്ങൾ പന്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എങ്കിലും മോശമല്ലാത്ത പ്രകടനം താരം ഉറപ്പാക്കുന്നുണ്ട്. കടന്നാക്രമിയ്ക്കുന്ന പതിവ് ശൈലിയ്ക്ക് പകരം കൂടുതൽ ശ്രദ്ധയോടെ കളിയ്ക്കാനാണ് ഈ സീസണിൽ പന്ത് ശ്രമിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍