വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കോലി ട്വന്റി 20 നായകസ്ഥാനം ഒഴിഞ്ഞതാണ് ഇപ്പോള്‍ ഏകദിന നായകസ്ഥാനവും മാറ്റാന്‍ കാരണമെന്നാണ് ഗാംഗുലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ട്വന്റി 20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് കോലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായും ഗാംഗുലി പറഞ്ഞു. 
	 
	'ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് ഞങ്ങള്‍ കോലിയോട് ആവശ്യപ്പെട്ടിരുന്നു. നായകനെ മാറ്റാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍, കോലി ട്വന്റി 20 നായകസ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് നായകന്‍മാര്‍ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റുന്നതിലേക്ക് കാര്യങ്ങള്‍ പോയത്,' സൗരവ് ഗാംഗുലി പറഞ്ഞു.