ആദ്യം ഗാംഗുലിക്ക് പ്രിയപ്പെട്ടവന്‍, പിന്നീട് കണ്ണിലെ കരട്; കോലിയുടെ നായകസ്ഥാനം തെറിച്ചത് ഇങ്ങനെ

ഞായര്‍, 16 ജനുവരി 2022 (10:27 IST)
ടെസ്റ്റ് നായകസ്ഥാനത്തു നിന്നുള്ള വിരാട് കോലിയുടെ രാജി അപ്രതീക്ഷിതമല്ല. കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ടീമില്‍ എന്തൊക്കെയോ പുകയുന്നുണ്ട്. ട്വന്റി 20 നായകസ്ഥാനം കോലി സ്വയം ഒഴിഞ്ഞതും അതിനു പിന്നാലെ ഏകദിന നായകസ്ഥാനത്തുനിന്ന് ബിസിസിഐ കോലിയെ മാറ്റിയതും ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ടെസ്റ്റ് നായകസ്ഥാനത്തു നിന്നും താന്‍ ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. 
 
ഒരുകാലത്ത് സൗരവ് ഗാംഗുലിയുടെ പ്രിയപ്പെട്ടവനായിരുന്നു വിരാട് കോലി. ഗാംഗുലി ബിസിസിഐ അധ്യക്ഷനായതിനു പിന്നാലെയാണ് അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും തുടങ്ങിയത്. ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ രാജിവച്ചത് വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്. ഒരു വര്‍ഷം മാത്രമാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. പരിശീലകനായിരുന്ന സമയത്ത് 17 ടെസ്റ്റുകളില്‍ 12 ലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കുംബ്ലെയ്ക്ക് കഴിഞ്ഞു. 2016 ജൂണ്‍ 23 നാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് എത്തിയത്. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി കുംബ്ലെയുടെ കാലാവധി നീട്ടിക്കൊടുക്കാനായിരുന്നു സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തീരുമാനിച്ചത്. എന്നാല്‍, കോലിയുമായുള്ള അഭിപ്രായ ഭിന്നത തിരിച്ചടിയായി. കുംബ്ലെ സ്ഥാനമൊഴിഞ്ഞു. 
 
ടീം സെലക്ഷനില്‍ കോലിയും കുംബ്ലെയും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമായത്. കോലി ആ സമയത്ത് ടീമിലെ ഏറ്റവും പ്രബലന്‍ ആയിരുന്നു. അതുകൊണ്ട് കുംബ്ലെയെ ഒഴിവാക്കുക മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുള്ള വഴി. എന്നാല്‍, ഗാംഗുലി അന്ന് തന്നെ ഇത് മനസില്‍ വച്ചു. ഉറ്റ ചങ്ങാതി കൂടിയായ കുംബ്ലെയെ അപമാനിച്ചു ഇറക്കി വിടുന്നതിനു തുല്യമായെന്ന് ഗാംഗുലിക്ക് തോന്നി. പിന്നീട് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക് എത്തി. 
 
രവി ശാസ്ത്രിക്ക് ശേഷം പുതിയ പരിശീലകനെ തേടുന്ന സമയത്തും കുംബ്ലെയ്ക്ക് ആയിരുന്നു ബിസിസിആ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി പരിഗണന നല്‍കിയത്. എന്നാല്‍, കോലി നായകനായി തുടരുന്നതിനാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് കുംബ്ലെ വ്യക്തമാക്കി. കളി മികവ് കൊണ്ട് പ്രബലനായിരുന്ന കോലിയുടെ ഫോംഔട്ട് പിന്നീട് വലിയ ചര്‍ച്ചയായി. പതുക്കെ പതുക്കെ കോലിക്ക് ടീമില്‍ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവന്നു. രോഹിത് ശര്‍മയ്ക്ക് ടീമില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാകുകയും ചെയ്തു. ഈ തക്കം നോക്കിയാണ് ഗാംഗുലി കോലിക്കെതിരെ കരുക്കള്‍ നീക്കിയത്. 
 
ലോകകപ്പിന് ശേഷം താന്‍ ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോലി ബിസിസിഐയെ അറിയിച്ചത് അതീവ രഹസ്യമായാണ്. നായകസ്ഥാനം ഒഴിയുന്ന കാര്യം ട്വന്റി 20 ലോകകപ്പിന് ശേഷം ബിസിസിഐ പുറത്തുവിട്ടാല്‍ മതിയെന്ന നിലപാടായിരുന്നു കോലിക്ക്. എന്നാല്‍, ബിസിസിഐയില്‍ ആരോ കോലിക്കെതിരെ പടയൊരുക്കം നടത്തിയിരുന്നു. കോലി നായകസ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്ത ബിസിസിഐയുമായി അടുത്ത ബന്ധമുള്ള ആരോ ഒരാള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. അതിനു പിന്നാലെയാണ് വിരാട് കോലി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോലി-ബിസിസിഐ പോര് ശക്തമായത് ഇവിടെയാണ്. രാഹിത് ശര്‍മ ട്വന്റി 20 നായകസ്ഥാനത്തേക്ക് എത്താന്‍ ചരടുവലികള്‍ നടന്നിരുന്നെന്നാണ് സൂചന. ബിസിസിഐയിലെ ഉന്നതന്‍ തന്നെയാണ് രോഹിത്തിനായി രംഗത്തുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ട്വന്റി 20 നായകസ്ഥാനം കോലി ഉടന്‍ ഒഴിയരുതെന്ന് ഗാംഗുലി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ട്വന്റി 20 ലോകകപ്പ് കഴിയുന്നതുവരെ നായകസ്ഥാനം ഒഴിയുന്നതായുള്ള പ്രഖ്യാപനം വേണ്ട എന്നായിരുന്നു ഗാംഗുലി കോലിയോട് പറഞ്ഞത്. എന്നാല്‍, കോലി അതിനു മുന്‍പ് തന്നെ ട്വന്റി 20 നായകസ്ഥാനം ഒഴിയുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചു. ബിസിസിഐയുടെ ആവശ്യം തള്ളിയ കോലിയോട് ഗാംഗുലിക്ക് എതിര്‍പ്പ് കൂടിയത് അങ്ങനെയാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍