ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്നുള്ള വിരാട് കോലിയുടെ പടിയിറക്കമാണ് ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ പ്രധാനചർച്ചാവിഷയം. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനുമായി കോലി ടി20 ക്യാപ്‌റ്റൻ സ്ഥാനം രാജിവെയ്ക്കുമ്പോൾ ടി20 നായകനായിരുന്നപ്പോളുള്ള കോലിയുടെ ബാറ്റിങ് പ്രകടനം എങ്ങനെയെന്ന് നോക്കാം.
ടി20 ഫോര്‍മാറ്റില്‍ മുപ്പതുകൾ കണ്ടെത്തുന്നത് തന്നെ മികച്ച പ്രകടനമായി കണക്കാക്കുമ്പോൾ നായകനെന്ന നിലയിൽ 12 തവണ അർധസെഞ്ചുറി പ്രകടനം നടത്താൻ കോലിക്കായിട്ടുണ്ട്. നിലവിൽ ഇക്കാര്യത്തിൽ ഒന്നാമതും കോലി തന്നെ.11 തവണ വീതം ഈ നേട്ടത്തിലെത്തിയ ബാബര്‍ അസാം,ആരോണ്‍ ഫിഞ്ച്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഈ നേട്ടത്തില്‍ കോലിക്ക് താഴെയുള്ളത്.
ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ നായകനാണ് കോലി. 1502 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 1589 റൺസുള്ള ഓസീസ് നായകനും ഓപ്പണറുമായ ആരോൺ ഫിഞ്ചാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയെ കൂടുതല്‍ ടി20 മത്സരങ്ങളില്‍ നയിച്ച രണ്ടാമത്തെ നായകനാണ് കോലി. 45 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 72 മത്സരങ്ങളില്‍ നയിച്ച എംഎസ് ധോണിയാണ് ഒന്നാമത്.
48.45 ആണ് നായകനായുള്ള കോലിയുടെ ബാറ്റിങ് ശരാശരി. നായകന്മാരില്‍ ഏറ്റവും കൂടുതല്‍ ശരാശരി ഇതാണ്. പാകിസ്താന്റെ ബാബര്‍ അസമാണ് കോലിക്ക് പിന്നിലുള്ളത്. അതേസമയം വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളിലെ കോലിയുടെ ശരാശരി 95.85ആണ്. മറ്റേത് നായകന്മാരേക്കാളും ഉയർന്നതാണിത്. റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ 825 റണ്‍സാണ് കോലി നേടിയത്. ഈ കഴിവിൽ മാസ്റ്റർ ആയതിനാൽ ചേസ് മാസ്റ്റർ എന്നാണ് കോലിയെ വിശേഷിപ്പിക്കുന്നത്.