ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം അനില്‍ കുംബ്ല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനിടെ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ടെസ്‌റ്റ് നായക സ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‌ലിക്ക് മുന്നോട്ടുള്ള യാത്രകള്‍ക്ക് സമ്പൂര്‍ണ്ണ ജയം ആവശ്യമാകുമ്പോള്‍ ട്വന്റി - 20 ലോകകപ്പിന്റെ മധുരം നുണയുന്ന വെസ്‌റ്റ് ഇന്‍ഡീസിന് പലതും തെളിയിക്കേണ്ട അവസരം കൂടിയാണിത്.
അനില്‍ കുംബ്ലെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം കളിക്കുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനും ജയം സ്വന്തമാക്കേണ്ടതുണ്ട്. ആദ്യ പരീക്ഷണം ജയിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ മുനയൊടിക്കേണ്ട സാഹചര്യവും ഇന്ത്യന്‍ പരിശീലകനുണ്ട്. 2002നു ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യക്ക് ജയം അത്യാവശ്യമാണ്. മൂന്ന് ടെസ്‌റ്റുകളാണ് വിന്‍ഡീസില്‍ ഇന്ത്യക്ക് കളിക്കാനുള്ളത്. ടെസ്‌റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പരജയം ഇന്ത്യക്ക് അനിവാര്യവുമാണ്.
അതേസമയം, വിരാട് കോഹ്‌ലിക്ക് ഈ പരമ്പര അഗ്നി പരീക്ഷണമാണ്. ധോണിയില്‍ നിന്ന് വിപരീതമായി ആക്രമണോത്സുകത സ്വീകരിക്കുന്ന കോഹ്‌ലിയില്‍ ഏറെ പ്രതീക്ഷയുണ്ട് അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ക്ക്. കോഹ്ലിയുടെ ആക്രമണോത്സുകത നിയന്ത്രിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതു തന്നെ ഇതിന് ഉദ്ദാഹരണമാണ്. ആക്രമണോത്സുകത ക്രിക്കറ്റ് കളിക്കാന്‍ നായകന്‍ താല്‍പ്പര്യം കാണിച്ചാല്‍ ടീമിന്റെ പ്രകടനത്തില്‍ മുഴുവന്‍ മാറ്റമുണ്ടാകും. ഇതാണ് പരിശീലകനും നായകനില്‍ നിന്ന് ആവശ്യപ്പെടുന്നത്.
കരീബിയന്‍ നാട്ടില്‍ അങ്കത്തിനെത്തിയ കോഹ്‌ലിക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ ധാരാളമുണ്ട്. പ്രതിഭ ധാരാളിത്തമുള്ള ടീമിലേക്ക് നോക്കുമ്പോള്‍ നായകന് തലവേദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അനവദിയാണ്. അന്തിമ ഇലവനില്‍ നിന്ന് ആരെ ഉള്‍കൊള്ളണമെന്നും തള്ളണമെന്നുമാണ് കുംബ്ലെയെയും നായകനെയും വലയ്‌ക്കുന്ന ചോദ്യം. ഏഴു ബാറ്റ്‌സ്‌മാന്‍മാരെയും നാലു ബോളര്‍മാരെയും ഉള്‍പ്പെടുത്തുമോ അതോ ആറ് ബാറ്റ്‌സ്‌മാന്‍മാരെ ഉള്‍കൊള്ളിച്ച് അഞ്ച് ബോളര്‍മാരെ ഉള്‍പ്പെടുത്തണോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. അതേസമയം, ആറു ബാറ്റ്‌സ്‌മാന്‍മാരെയും നാലു ബോളര്‍മാരെയും ഒരു ഓള്‍ റൌണ്ടറെയും ഉള്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.
ബാറ്റ്‌സ്മാന്മാരെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും കോഹ്‌ലിക്ക് നിര്‍ണായകമായ തീരുമാനം എടുക്കേണ്ടിവരും. മോശം ഫോമില്‍ തുടരുന്ന ശിഖര്‍ ധവാനെ ഇനിയും ചുമക്കണോ എന്ന ആശങ്ക നായകനുണ്ട്. ധവാന് പകരം ലോകേഷ് രാഹുലിനെ ഉള്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. എന്നാല്‍ ധവാന് ഒരു അവസരം കൂടി നല്‍കാം എന്ന നിലപാടിലാണ് കുംബ്ലെ. അജിങ്ക്യാ രഹാനെ, ചേതേശ്വര്‍ പുജാര, മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണെങ്കിലും ബോളര്‍മാരുടെ കാര്യത്തിലും നിര്‍ണായകമായ തീരുമാനം കോഹ്‌ലിക്ക് സ്വീകരിക്കേണ്ടതായിട്ടുണ്ട്.
കരീബിയന്‍ നാട്ടിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ എത്ര സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തണമെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണ്. ആര്‍ അശ്വിന്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അമിത് മിശ്രയും രവീന്ദ്ര ജഡേജയുമാണ് ടിക്കറ്റിനായി ഏറ്റുമുട്ടുക. മൂന്ന് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവായതിനാല്‍ ഓള്‍ റൌണ്ടറായ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി ഒരു ബോളര്‍മാരെ കൂടി കണ്ടെത്താന്‍ കോഹ്‌ലി തീരുമാനിച്ചേക്കും. പേസ് ബോളര്‍ സ്ഥാനത്തേക്ക് ഇഷാന്ത് ശര്‍മ സ്ഥാനം ഉറപ്പിക്കുമ്പോള്‍ മുഹമ്മദ് ഷമി രണ്ടാം പേസര്‍ ആയും സ്‌റ്റുവര്‍ട്ട് ബിന്നി മൂന്നാമതായും ടീമില്‍ ഇടം നേടിയേക്കും.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്‌ലിയെ നായകനാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ കരുത്ത് തെളിയിക്കേണ്ടത് കോഹ്‌ലിക്ക് ആവശ്യമാണ്. അടുത്ത ഏകദിന ലോകകപ്പിന് മുമ്പായി മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന കോഹ്‌ലിക്ക് ടെസ്‌റ്റില്‍ വമ്പന്‍ ജയം അനിവാര്യമാണ്. ഐ പി എല്ലില്‍ കാഴ്‌ചവച്ച പ്രകടനം കരീമ്പിയന്‍ മണ്ണിലും തുടരേണ്ടത് അദ്ദേഹത്തിനാവശ്യവുമാണ്.
നിലവിലെ ടെസ്റ്റില്‍ രണ്ടാം റാങ്ക് നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനില്‍ വിന്‍ഡീസിനെതിരെ പരമ്പര ജയിക്കേണ്ടി വരും. ഇന്ത്യക്ക് നിര്‍ണ്ണായകമാകുക ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പരമ്പരയാകും. വിന്‍ഡീസും ലങ്കയും ടെസ്റ്റ് റാങ്കിങ്ങില്‍ യഥാക്രമം എട്ടും ഏഴും സ്ഥാനത്തു നില്‍ക്കുന്ന ടീമുകളായതിനാല്‍ പരമ്പര തോറ്റാല്‍ ഇന്ത്യക്ക് ഓസീസിനും വലിയ നഷ്ടമായിരിക്കും. അതെസമയം പരമ്പര വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ടീം ഇന്ത്യക്ക് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്താനും അവസരമുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ കോഹ്‌ലിക്ക് ഈ പരമ്പര വിഷമകരമായ സാഹചര്യങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
അതേസമയം, പോയ പ്രതാപകാലം തിരിച്ചെടുക്കാനുള്ള ശ്രമിത്തിലാണ് ജേസണ്‍ ഹോള്‍ഡറിന്റെ നേതൃത്വത്തില്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീം ഇറങ്ങുന്നത്. കുട്ടി ലോകകപ്പിലെ ഹീറോകളായ മര്‍ലോണ്‍ സാമുവല്‍സും കാര്‍ലോസ് ബ്രാത്‌വെയ്‌റ്റും ടീമിലുണ്ട്. വ്യാഴ്‌ചായാണ് ഒന്നാം ടെസ്‌റ്റ് ആരംഭിക്കുന്നത്. ജൂലൈ 30ന് രണ്ടാം ടെസ്‌റ്റും ഓഗസ്‌റ്റ് 18ന് മൂന്നാം ടെസ്‌റ്റും നടക്കും.