ഏകദിന റാങ്കിങ്ങില്‍ കോഹ്ലി നാലാമത് തുടരുന്നു

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2015 (15:07 IST)
ഏറ്റവും പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിർത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത് തുടരുന്നു. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര രണ്ടാമതും ശിഖര്‍ ധവാന്‍ പട്ടികയില്‍ ആറാമതും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി എട്ടാം സ്ഥാനത്തുമാണ്. രോഹിത് ശർമ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ടീം റാങ്കിങ്ങിൽ ലോകചാംപ്യന്മാരായ ഓസ്ട്രേലിയയാണ് ഒന്നാമത്. ഇതോടെ, ഏപ്രിൽ ഒന്നാം തീയതി ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള ടീമിന് ലഭിക്കുന്ന 1,75,000 യുഎസ് ഡോളറിന്റെ സമ്മാനത്തുക ആസ്ട്രേലിയയ്ക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 75,000 യുഎസ് ഡോളർ സമ്മാനത്തുകയും ലഭിക്കും.

ലോകകപ്പിന്റെ താരമായി മാറിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക് കരിയറിലാദ്യമായി ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനൊപ്പം ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ പ്രകടനമാണ് സ്റ്റാര്‍ക്കിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ബോള്‍ട്ടും ഒന്‍പതു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലാദ്യമായി ആറാം സ്ഥാനത്തെത്തി.
 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഉമേഷ് യാദവ് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗണ്ടിന്റെ ജയിംസ് ട്രേഡ്വെല്ലിനൊപ്പം 18മത് സ്ഥാനത്തെത്തി. 11മത് സ്ഥാനത്തുള്ള മുഹമ്മദ് ഷാമിയാണ് ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ ബോളര്‍. അശ്വിന്‍ 14മതാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.