അങ്ങനെ ചെയ്യേണ്ട ഒരു ബാധ്യതയും ഉണ്ടായിരുന്നില്ല, എന്നിട്ടും അവന്‍ എന്റെ കൂടെ നിന്നു; കോഹ്‌ലിയെക്കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തി ക്ലാര്‍ക്ക് രംഗത്ത്
ബുധന്‍, 15 മാര്‍ച്ച് 2017 (14:32 IST)
ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹവും അടുപ്പവും വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്.
എന്റെ മനസില്‍ കോഹ്‌ലിക്ക് പ്രത്യക സ്ഥാനമുണ്ട്. ഫില്‍ ഹ്യൂസിന്റെ മരണസമയത്ത് അദ്ദേഹത്തില്‍ നിന്നുണ്ടായ പെരുമാറ്റമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഞങ്ങളുടെ വികാരം മനസിലാക്കി ടെസ്‌റ്റ് മത്സരം മാറ്റിവയ്‌ക്കാന്‍ അദ്ദേഹം സമ്മതിച്ചു. കോഹ്‌ലിയുള്‍പ്പെടെയുള്ള ചില താരങ്ങള്‍ ഹ്യൂസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുവെന്നും ക്ലാര്‍ക്ക് തന്റെ ആത്മകഥയായ 'മൈ സ്റ്റോറി'യുടെ പ്രകാശ ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
സത്യത്തില്‍ മത്സരം മാറ്റിവെക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഞങ്ങളുടെ വേദന മനസിലാക്കാന്‍ ഇന്ത്യന്‍ ടീമിനും കോഹ്‌ലിക്കും സാധിച്ചു. അവര്‍ക്ക് അങ്ങനെ ചെയ്യേണ്ട ഒരു ബാധ്യതയും ഉണ്ടായിരുന്നില്ല. എന്നിട്ടും സംസ്‌കാര ചടങ്ങ് ഉള്‍പ്പെടയുള്ള കര്‍മ്മങ്ങളില്‍ കോഹ്‌ലിയടക്കമുള്ളവര്‍ പങ്കെടുത്തു. ഇതാണ് അദ്ദേഹത്തിനോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണമായതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
2014ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പര നടക്കുന്നതിനിടെയാണ് ഹ്യൂസിന്റെ മരണം സംഭവിച്ചത്. ഇതേത്തുടര്‍ന്നാണ് ഇന്ത്യ ഓസ്‌ട്രേലിയ അഡ്‌ലൈയ്ഡ് ടെസ്‌റ്റ് മാറ്റിവച്ചത്.