കോഹ്‌ലിയെ പെപ്പറിട്ട ചിക്കന്‍ കറിയാക്കി വില്‍ക്കുന്നു

ചൊവ്വ, 17 ഫെബ്രുവരി 2015 (16:16 IST)
സര്‍വ്വതിലും ക്രിക്കറ്റ് മയമാണ്, ഊണിലും ഉറക്കത്തിലും ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്ന സമയം. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള രാജ്യം ഇന്ത്യയും, പാകിസ്ഥാനും ഓസ്ട്രേലിയയും ആണ്. എന്നാല്‍ ക്രിക്കറ്റിന് കൂടുതല്‍ പരിഗണന നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഇതിപ്പോള്‍ പറഞ്ഞുവരുന്നത് ക്രിക്കറ്റ് ആവേശം ഭക്ഷണപ്രേമികളിലേക്ക് വിളമ്പുന്ന ഒരു ഹോട്ടലിനെക്കുറിച്ചാണ്. മിനി കശ്‍മീരായ ഊട്ടിയിലെ ക്രിക്കറ്റ് പ്രേമിയായ ഹോട്ടല്‍ ഉടമ ഇസ്‍മയില്‍ ഖാന്‍ നടത്തുന്ന ജെം പാര്‍ക്ക് ഹോട്ടലിലെ മെനു കാര്‍ഡിലാണ് പത്ത് പുതിയ ഭക്ഷണ ഇനങ്ങള്‍കൂടി ഇടംപിടിച്ചത്.

കളിക്കളത്തില്‍ ചൂടനായ വിരാട് കോഹ്‌ലിയുടെ പേരില്‍ വിളമ്പുന്ന വിരാട് പെപ്പര്‍ കോഴി, ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലുള്ള ഫിഷ് ഫിംഗറി, ആര്‍ അശ്വിന്റെ പേരിലുള്ള അശ്വിന്‍ ഗുലാബ്‍ജാം, രോഹിത് ശര്‍മയുടെ പേരിലുള്ള രോഹിത് ചോക്ലേറ്റ്, വെജിറ്റേറിയന്‍ പ്രേമികള്‍ക്കായി സ്‍മിത്തിന്റെ വക കട്‍ലെറ്റ്, ആന്‍ഡേഴ്‍സന്‍ സ്ലൈഡ്, ശര്‍മ സിക്‍സര്‍ എന്നീ പേരുകളിലാണ് ക്രിക്കറ്റ് വിഭവങ്ങള്‍ എത്തുന്നത്.

താരങ്ങളുടെ പേരിലുള്ള ഭക്ഷണങ്ങള്‍ നിരവധിയാണെങ്കിലും ധോണിയുടെ പേരിലുള്ള ഫിഷ് ഫിംഗറിനാണ് കൂടുതലും ആവശ്യക്കാരുള്ളത്. തീന്‍മേശയിലെ ലോകകപ്പ് പോരാട്ടം എല്ലാവര്‍ക്കും ആസ്വദിക്കുന്നതിനായി വലിയ ടീവിയും ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ പേരിലുള്ള ഭക്ഷണയിനങ്ങള്‍ കഴിച്ച് മത്സരം ആസ്വദിക്കാനുള്ള അവസരമാണ് താന്‍ ഒരുക്കുന്നതെന്നും ഹോട്ടലുടമ ഇസ്‍മയില്‍ ഖാന്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക