അത്തരം പന്തുകള്‍ നേരിടാന്‍ വിരാടിന് അറിയില്ല; കോഹ്‌ലി പാക് താരത്തെ പോലെ ബാറ്റു ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍!
വെള്ളി, 19 ഓഗസ്റ്റ് 2016 (15:24 IST)
പേസും സ്വിംഗുമുള്ള പിച്ചുകളില്‍ പതറുന്ന ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി പാക് താരം യൂനിസ് ഖാനെ മാതൃകയാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിനിടെ യൂനിസിന് താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അത് പാലിച്ചതിന്റെ ഫലമായിട്ടാണ് ഓവലില്‍ അദ്ദേഹം 218 റണ്‍സ് അടിച്ചു കൂട്ടിയതെന്നും അസ്‌ഹര്‍ വ്യക്തമാക്കി.
ഫാസ്റ്റും സ്വിംഗുമുള്ള പിച്ചുകളില്‍ പതറിയ യൂനിസ് ഖാന് ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്‌റ്റിന് മുമ്പ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു സ്‌റ്റെപ്പ് പിന്നിലേക്ക് മാറി ബാറ്റ് ചെയ്യാനായിരുന്നു നിര്‍ദേശിച്ചത്. ഇതുമൂലം ക്രീസ് കൂടുതലായി ലഭിക്കുകയും പന്ത് നേരിടുന്നതിന് അധികസമയവും മികച്ച ടൈമിംഗും ലഭിക്കുമെന്നും യൂനിസിനോട് പറഞ്ഞു. അത് ചിട്ടയായി നടപ്പാക്കിയ അദ്ദേഹം ഇരട്ട സെഞ്ചുറി നേടുകയും ചെയ്‌തെന്നും അസ്‌ഹര്‍ പറഞ്ഞു.
പേസും സ്വിംഗുമുള്ള ഇംഗ്ലണ്ടുകളിലെ പിച്ചുകളില്‍ കോഹ്‌ലി പരാജയപ്പെടുന്നത് പതിവാണ്. യൂനിസ് നേരിടുന്ന അതേ പ്രശ്‌നം തന്നെയാണ് അദ്ദേഹം നേരിടുന്നത്. യൂനിസ് കളിച്ചത് പോലെ ക്രീസ് ഉപയോഗിച്ച് കൂടുതല്‍ ബാക്ക് ഫുട്ടില്‍ കളിക്കാന്‍ കോഹ്‌ലി ശ്രമിക്കണം. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും ഇന്ത്യന്‍ നായകന് രണ്ടക്കം കടക്കാനാകാതെ പോയിരുന്നുവെന്നും അസ്‌ഹര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ യൂനിസിന്റെ മാതൃക കോഹ്‌ലിയും പിന്തുടരണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.