ത്രിമൂര്‍ത്തികള്‍ കോഹ്‌ലിക്ക് എട്ടിന്റെ പണി നല്‍കും; ഈ പോരില്‍ രാജാവ് കീഴടങ്ങിയേക്കും
ശനി, 10 ജൂണ്‍ 2017 (17:12 IST)
പരിശീലകന്‍ അനില്‍ കുംബ്ലെയോട് അതൃപ്‌തി പ്രകടിപ്പിച്ച് വിരാട് കോഹ്‌ലിയടക്കമുള്ളവര്‍ രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കുംബ്ലെ തുടരട്ടെ എന്ന നിലപാടിൽ ബിസിസിഐ അഡ്വൈസറി കമ്മിറ്റി എത്തിയെന്ന് സൂചന.
അഡ്വൈസറി കമ്മിറ്റിയംഗങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ വെള്ളിയാഴ്ച ലണ്ടനിലെ ഹോട്ടലിൽ ഒത്തുകൂടുകയും കുംബ്ലെ തുടരട്ടെ എന്ന നിലപാടില്‍ എത്തിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മൂവര്‍ സംഘത്തിന്റെ ചര്‍ച്ചകള്‍ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. കുംബ്ലെ തുടരണമെന്നാണ് ഇവരുടെ അഭിപ്രായമെങ്കിലും ഇക്കാര്യം ബോർഡിനെ അറിയിച്ചിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയവും ത്രിമൂർത്തികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും മുതിര്‍ന്ന താരങ്ങളുടെ എതിര്‍പ്പ് കാര്യമായി എടുക്കേണ്ടെന്നുമാണ് മൂവര്‍ സംഘം വിലയിരുത്തിയത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോഹ്‌ലിയും ബിസിസിഐ ഭരണസമിതിയുമായും ചര്‍ച്ച നടത്താനും കമ്മിറ്റി തീരുമാനിച്ചു.