കൊമ്പന്മാർ തമ്മിൽ കൊമ്പുകോർക്കുന്നു; ഇന്ത്യയ്ക്ക് ഒന്നും എളുപ്പമാകില്ല, കോഹ്ലിപ്പട വിയർക്കും!

ചിപ്പി പീലിപ്പോസ്

വ്യാഴം, 2 ജനുവരി 2020 (15:45 IST)
ഈ വർഷം ഇന്ത്യയുടെ ആദ്യ എതിരാളി ശ്രീലങ്ക ആണ്. സ്വന്തം നാട്ടില്‍ ടി20 പരമ്പരയാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ കളിക്കുക. ഇതിനു ശേഷം ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യയെ നേരിടാൻ ഓസിസ് ഇന്ത്യൻ മണ്ണിലെത്തും. വിജാരിക്കുന്നത് പോലെ ഈസി ആയിരിക്കില്ല മത്സരമെന്ന് നായകൻ വിരാട് കോഹ്ലിയുടെ  ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. 
 
ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയിലാണ് കോലിയും സംഘവും കളിക്കുക. ഓസിസിനെ നേരിടുക അത്ര എളുപ്പമുള്ള പണിയായിരിക്കില്ല കോഹ്ലിക്കും കൂട്ടർക്കുമെന്നാണ് രാജ്‌കുമാറിന്റെ വാദം. ഇത്തവണ നല്ല തയ്യാറെടുപ്പോടു കൂടി തന്നെയാണ് ഓസീസിന്റെ വരവ്. അതുകൊണ്ടു തന്നെ തന്നെ ഓസീസിനെ ഇന്ത്യ വില കുറച്ചു കാണരുത്. അവരെ ഗൗരവമായി തന്നെ എടുത്തില്ലെങ്കില്‍ കനത്ത തിരിച്ചടിയാവും ഇന്ത്യക്കു നേരിടേണ്ടി വരികയെന്നും ശര്‍മ പറഞ്ഞു.
 
2018 -19ൽകോഹ്ലിയും സംഘവും ഓസ്ട്രേലിയൻ മണ്ണിൽ നടത്തിയ പര്യടനത്തിൽ തകർപ്പൻ 
പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ പോക്കറ്റിലാക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. 
 
നിഷ്പ്രയാസം ഇന്ത്യയെ ജയിപ്പിച്ചത് കോഹ്ലിപ്പടയുടെ കരുത്തുറ്റ പ്രകടനമായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്കു കാരണം ഇന്ത്യക്കെതിരേ കളിച്ചിരുന്നില്ല. ഇത് ഇന്ത്യയ്ക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍ വിലക്ക് കഴിഞ്ഞ് ഇരുവരും ടീമില്‍ തിരികെയെത്തിക്കഴിഞ്ഞു. ഇനി വരുന്ന പരമ്പരയിൽ ഇവർ രണ്ടും മത്സരിക്കാൻ ഇറങ്ങുകയും ചെയ്യും. ഇത് ഇന്ത്യൻ ടീമിനു വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി ക്യാപ്റ്റൻ കോഹ്ലി എങ്ങനെയാണ് ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന് കാണാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍