കരീബിയന്‍ കരുത്തിന് മുന്നില്‍ അനിയന്‍മാര്‍ തരിപ്പണമായി; അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ് ഇൻഡീസിന്
ഞായര്‍, 14 ഫെബ്രുവരി 2016 (17:55 IST)
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ് ഇൻഡീസിന്. ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ ടീം ഇന്ത്യ വിന്‍ഡീസ് കരുത്തിന് മുന്നില്‍ തരിപ്പണമായതോടെ കരീബിയന്‍ ടീം കന്നികിരീടം ചൂടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് മൂന്നു പന്തു ശേഷിക്കെ മറികടക്കുകയായിരുന്നു.സ്കോര്‍: ഇന്ത്യ 45.1 ഓവറില്‍ 145ന് പുറത്ത്, വിന്‍ഡീസ് 49.3 ഓവറില്‍ അഞ്ചിന് 146.
146 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യ തുടക്കത്തിലേ സമ്മര്‍ദത്തിലാക്കി. സ്കോര്‍ അഞ്ചില്‍ നില്‍ക്കേ ഓപ്പണര്‍ ഗിട്രോണ്‍ പുറത്തായി. പിന്നാലെ 28ല്‍വച്ച് ടെവിന്‍ ഇംലാച്ചിനെയും(15) പുറത്താക്കിയ ഇന്ത്യ മേല്‍ക്കൈ നേടി. എന്നാല്‍ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു കാര്‍ട്ടിയും (52) ഷിംറോണ്‍ ഹെറ്റ്മെയ്റും (23) കീമോ പോളും (40) ബാറ്റു വീശിയതോടെ വിന്‍ഡീസ് വിജയതീരമണഞ്ഞു.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അല്‍സാരി ജോസഫിന്റെയും റയാന്‍ ജോണിന്റെയും കൃത്യതയാര്‍ന്ന പേസ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ സ്കോര്‍ 50ല്‍ എത്തിയപ്പോഴേക്കും ഇന്ത്യന്‍ നിരയില്‍നിന്ന് അഞ്ച് പേര്‍ കൂടാരം കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ചുരുങ്ങുമെന്ന് വ്യക്തമായിരുന്നു. 45.1 ഓവറിൽ തന്നെ ഇന്ത്യ ഓൾഔട്ടായി. സർഫസ് ഖാന്റെ അർധസെഞ്ചുറി (51) ആണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. മഹിപാൽ ലോംറോർ (19), രാഹുൽ ബാതം (21) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. വിന്‍ഡീസിന്റെ സംഭാവനയായി 23 എക്സ്ട്രാ റണ്‍സ് കിട്ടിയതാണ് ഈ സ്‌കോറില്‍ എങ്കിലും എത്താന്‍ ഇന്ത്യയെ സഹായിച്ചത്.