'42 റണ്‍സിന് എറിഞ്ഞിട്ടു, അഞ്ചോവറിൽ അടിച്ചെടുത്തു' ജപ്പാനെ നാണംകെടുത്തി ഇന്ത്യൻ ചുണക്കുട്ടികൾ

Webdunia
ബുധന്‍, 22 ജനുവരി 2020 (13:50 IST)
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെ നാണം കെടുത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ജപ്പാൻ 22.5 ഓവറിൽ 41 റൺസിന് പുറത്തായപ്പോൾ ഇന്ത്യ വെറും 4.5 ഓവറിൽ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ ലക്ഷ്യത്തിലെത്തി.18 പന്തില്‍ 29 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 11 പന്തില്‍13 റണ്‍സെടുത്ത കുമാര്‍ കുശാഗ്രയുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
 
മത്സരത്തിൽ ഇന്ത്യയുടെ ബൗളിങ് ആക്രമത്തിന് മുൻപിൽ ജപ്പാന്‍ നിരയില്‍ ഒരു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കാണാതിരുന്നപ്പോള്‍ അഞ്ച് പേര്‍ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി. ഏഴ് റണ്‍സ് വീതമെടുത്ത ഓപ്പണര്‍ ഷൂ നഗൗച്ചിയും കെന്റ ഓട്ട ഡോബെല്ലുമാണ് ജപ്പാന്റെ ടോപ് സ്കോററര്‍മാര്‍. ഇന്ത്യക്കായി കാര്‍ത്തിക് ത്യാഗി മൂന്നും രവി ബിഷ്ണോയ് നാലും ആകാശ് സിംഗ് രണ്ടും വിക്കറ്റെടുത്തു. മത്സരത്തിൽ ജപ്പാൻ നേടിയ 41റൺസിൽ 19 റൺസും നേടിയത് ഇന്ത്യൻ ബൗളർമാർ സമ്മാനിച്ച എക്സ്ട്രാ റൺസുകളാണ്.
 
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം മത്സരവിജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി ഇന്ത്യ മുന്നിലെത്തി. 24ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article