തോറ്റത് 2 ദിവസം മുൻപല്ലേ, അത് അവിടെ കഴിഞ്ഞു, ഇന്ത്യയുമായി പുതിയ പോരാട്ടമെന്ന് ഗാരി കേസ്റ്റൺ

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (12:39 IST)
gary kirsten
2008 മുതല്‍ 2011 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ഗാരി കേസ്റ്റണ്‍. ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്ത കോച്ച് എന്ന നിലയില്‍ ഇന്ത്യയ്ക്കകത്ത് വലിയതോതില്‍ സ്വീകാര്യനാണ് കേസ്റ്റണ്‍. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ പാകിസ്ഥാന്റെ പരിശീലകനാണ് കേസ്റ്റണ്‍. ഐപിഎല്ലിന് പിന്നാലെയാണ് പാക് പരിശീലകനായി ഗാരി കേസ്റ്റണ്‍ ചുമതലയേറ്റെടുത്തത്.
 
 പാകിസ്ഥാന്‍ പരിശീലകനായി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളുവെങ്കിലും ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തിന് മുന്‍പെ പാക് ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് കേസ്റ്റണ്‍. ടീമിനൊപ്പം 13 ദിവസങ്ങളായി ഞാന്‍ കൂടെയുണ്ട്. ഇതൊരു ചെറിയ കാലയളവാണെങ്കിലും പാക് ടീമിനൊപ്പം നന്നായി കൂടിചേരാന്‍ സാധിച്ചു. പാക് ടീമിനൊപ്പം ചേരാനായതില്‍ സന്തോഷമുണ്ട്. ടീമിനായി തങ്ങളുടെ മുഴുവനും നല്‍കാന്‍ പാകിസ്ഥാന്‍ താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാം കൃത്യമായി കൂട്ടിയോജിപ്പിച്ച് ടീമിനെ കൊണ്ടുപോവുക എന്നതാണ് എന്റെ ചുമതല.
 
 ഇന്ത്യയുമായുള്ള മത്സരത്തെ പറ്റി പറയുമ്പോള്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയുമായി മുന്‍പും മത്സരിച്ച പരിചയമുണ്ട്. ഓരോ മത്സരത്തിനും അതിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കളിക്കേണ്ടത്. ഇന്ത്യയുമായുള്ള മത്സരം തീര്‍ച്ചയായും വെല്ലുവിളിയായിരിക്കും. തോല്‍വി നേരിട്ടത് 2 ദിവസം മുന്‍പാണ്. ആ തോല്‍വി തിരുത്താന്‍ ഇനി സാധിക്കില്ല. പക്ഷേ ആ തോല്‍വിയില്‍ നിന്നും പാക് ടീം മുന്നോട്ട് വന്നുകഴിഞ്ഞു. വ്യക്തിഗത പ്രകടനങ്ങള്‍ ആവശ്യമാണ് എന്നാല്‍ ടീമായി തിളങ്ങാനാവുക എന്നതാണ് പ്രധാനം. കേസ്റ്റണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article