രാജ്യാന്തര ക്രിക്കറ്റില്‍ ഫ്രണ്ട് ഫുട്ട് നോബോൾ വിളിക്കാനുള്ള ഉത്തരവാദിത്തം ഇനി മൂന്നാം ‍അംപയർക്ക്

ഞായര്‍, 21 ഓഗസ്റ്റ് 2016 (11:41 IST)
ഫ്രണ്ട് ഫുട്ട് നോബോൾ വിളിക്കാനുള്ള ഉത്തരവാദിത്തം ഇനി മുതല്‍ മൂന്നാം അംപയര്‍ക്ക്. വരുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ടെസ്റ്റിൽ ഈ രീതി പരീക്ഷിക്കുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. വൈബ്രേറ്റിങ് പേജറിന്റെ സഹായത്തോടെയാവും മൂന്നാം അംപയർ ഫീൽഡ് അംപയറിനെ നോബോൾ അറിയിക്കുന്നത്. 
 
ഫെബ്രുവരിയിൽ നടന്ന ഓസ്ട്രേലിയ– ന്യൂസീലൻഡ് ടെസ്റ്റിൽ ഇംഗ്ലണ്ട് അംപയർ റിച്ചാർഡ് ഇല്ലിങ്‌വർത്തിന് സംഭവിച്ച പിഴവാണ് ഈ പ്രശ്നം ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാക്കിയത്. ആ മത്സരത്തില്‍ ഓസീസ് താരം ആഡം വോഗ്സ് ഏഴു റൺസെടുത്തു നിൽക്കെ പുറത്തായിരുന്നു. എന്നാല്‍ അംപയർ നോബോൾ വിളിച്ചു. തുടര്‍ന്ന് വോഗ്സ് 239 റൺസെടുത്ത ശേഷമാണ് പുറത്തായത്.
 
ക്ഷണനേരത്തിനുള്ളിൽ കൈക്കൊള്ളേണ്ട തീരുമാനം പലപ്പോഴും അംപയർമാരുടെ ജോലിഭാരം കൂട്ടുകയും ചെയ്യുന്നുണ്ട്. പലതും വന്‍ പിഴവുകളിലേക്കാണ് വഴിതെളിയിക്കുന്നതെന്നും കൗൺസിൽ കണ്ടെത്തി. ഈ പരീക്ഷണം എത്രമാത്രം വിജയകരമാകും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ രീതി കൂടുതൽ പരമ്പരകളിലേക്കു വ്യാപിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക