ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ അലൻ ബോർഡർ. ദില്ലിയിൽ നടന്ന രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ 90 മിനിട്ടുകൾ കൊണ്ടാണ് കളി മാറി മറിഞ്ഞത്. ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ നേരിടാനാകാതെ ഓസീസ് കുഴങ്ങുകയായിരുന്നു.
ഓസീസിൻ്റെ തോൽവിയെ പറ്റി പ്രതികരിക്കവെയാണ് ഇതിഹാസതാരമായ അലൻ ബോർഡർ ടീമിനെതിരെ പൊട്ടിത്തെറിച്ചത്. മത്സരത്തിന് പുറത്ത് നടക്കുന്ന ബഹളങ്ങളിൽ നിന്നും ഓസ്ട്രേലിയൻ ടീം മാറിനിൽക്കുകയും കൃത്യമായ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യണമെന്ന് മുൻ നായകൻ അഭിപ്രായപ്പെട്ടു. തീർച്ചയായും ഇതിങ്ങനെ ചെയ്യണം ചെയ്യരുത് എന്നതിനെ പറ്റിയെല്ലാം ടീമിന് ധാരണയുണ്ടാകും. നിങ്ങൾക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടാകണം എന്നത് പ്രധാനമാണ്. ഇതിനായി റേഡിയോ കേൾക്കുന്നതും പത്രം വായിക്കുന്നതും ഓസ്ട്രേലിയൻ താരങ്ങൾ ഒഴിവാക്കണം.
മത്സരത്തിൻ്റെ തുടക്കത്തിൽ ഉസ്മാൻ ഖ്വാജ സ്വീപ് ഷോട്ടുകൾ കളിച്ചിരുന്നതിൽ തെറ്റില്ല. എന്നാൽ മത്സരവും പിച്ചുമെല്ലാം മാറുമ്പോഴും അതേസമീപനം വെച്ച് പുലർത്താനാകില്ല. പ്രത്യേകിച്ച് സ്പിൻ പിച്ചുകളിൽ അശ്വിനും ജഡേജയുമെല്ലാം ബൗൾ ചെയ്യുന്ന ഇന്ത്യക്കെതിരെ. നിങ്ങൾ പിച്ചിനും മത്സരത്തിനുമെല്ലാം അനുസരിച്ചാണ് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കേണ്ടത്. ഇന്ത്യൻ സ്പിൻ അക്രമണത്തിനെതിരെ ഓസീസ് ബാറ്റർമാരുടെ കയ്യിൽ മറുപടിയില്ല എന്നത് ദൗർഭാഗ്യകരമാണ്. ബോർഡർ പറഞ്ഞു.