ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അശ്വിനെ പോലെ മികച്ച സ്പിന്നര്‍ ലോകത്ത് അധികമില്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കഴിഞ്ഞ 2 വര്‍ഷക്കാലമായി അശ്വിന്‍ ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ലെന്ന് മറക്കരുതെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
കഴിഞ്ഞ 2 വര്‍ഷമായി ഏകദിന ടീമില്‍ പോലുമില്ലാതിരുന്ന അശ്വിനെ ലോകകപ്പിന് തൊട്ടുമുന്‍പ് ടീമില്‍ എടുത്തത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ യാതൊരു പ്ലാനും ഇല്ല എന്നതിന്റെ തെളിവാണെന്നും ലോകകപ്പില്‍ എല്ലാം വിധി പോലെ കാണാമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ ഇര്‍ഫാന്‍ പറഞ്ഞു. അതേസമയം അശ്വിനെ ടീമിലെടുത്ത സെലക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. അക്ഷര്‍ പട്ടേലിന് പരിക്കേറ്റില്ലായിരുന്നെങ്കില്‍ സെലക്ടര്‍മാര്‍ അശ്വിനെ പരിഗണിക്കില്ലായിരുന്നെന്നും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ അശ്വിന്റെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നും കൈഫ് പറഞ്ഞു.
എന്നാല്‍ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റിന് മുന്നെ അശ്വിനെ കുറച്ച് മത്സരങ്ങളെങ്കിലും ടീം കളിപ്പിക്കേണ്ടിയിരുന്നു എന്നാണ് ഇര്‍ഫാന്‍ ഇതിന് മറുപടി നല്‍കിയത്. അശ്വിന്‍ സീനിയര്‍ താരമാണ് എന്നെല്ലാം സമ്മതിക്കുന്നു. എന്നാല്‍ ലോകകപ്പിൽ എത്ര സീനിയര്‍ താരമാണെങ്കിലും സമ്മര്‍ദ്ദമുണ്ടാകുമെന്നും ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ യാതൊരു പ്ലാനും ഇല്ലെന്നും ഇര്‍ഫാന്‍ തുറന്നടിച്ചു.