ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തോടെ ഇന്ത്യയും കാനഡയും നേര്‍ക്കുനേര്‍? ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍?

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (19:07 IST)
ജി 20 ഉച്ചകോടിയോടെ ലോകരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഏഷ്യയില്‍ ചൈനയ്ക്ക് ബദല്‍ ശക്തിയാകുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രൊജക്ടുകളാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ ഇതിനിടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിലേക്ക് നയിച്ചിരിക്കുന്നത്.
 
2023 ജൂണ് 18നാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖലിസ്ഥാന്‍ നേതാവായ നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. 1997 മുതല്‍ കാനഡയില്‍ സ്ഥിരതാമസമായ ഇയാള്‍ നിരോധിത വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ പ്രധാന നേതാവായിരുന്നു. ഇതിനെ തുടര്‍ന്ന് 2020ല്‍ ഇയാളെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു. 2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ 4 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിലും 2009ല്‍ രാഷ്ട്രീയ സിഖ് സംഘ് പ്രസിഡന്റ് റുല്‍ദ സിങ്ങിനെ കൊന്ന കേസിലും നിജ്ജാര്‍ പ്രതിയാണ്.
 
2023 ജൂണ്‍ 18ന് കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുള്ളതായാണ് കാനഡ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ജി20 ഉച്ചകോടിയില്‍ ഖലിസ്ഥാന്‍ നയങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജസ്റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുമായുള്ള വാണിജ്യ പദ്ധതി ചര്‍ച്ചകള്‍ കാനഡ നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ തന്നെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെയും കാനഡ പുറത്താക്കി.
 
കാനഡയുടെ പ്രവര്‍ത്തിക്ക് അതേ രീതിയില്‍ തന്നെയാണ് ഇന്ത്യയും പ്രതികരിച്ചത്. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യ 5 ദിവസത്തിനകം ഉദ്യോഗസ്ഥനോട് ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇടപെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കിയ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ട്രൂഡോയുടെ ആരോപണങ്ങളെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നത് കാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറിയ ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍