2016ലെ വില്ലൻ പരിവേഷത്തിൽ നിന്ന് ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും ഹീറോയിലേക്ക്, ക്രിക്കറ്റിലെ അപൂർവ തിരിച്ചുവരവിൻറെ കഥ

ചൊവ്വ, 19 ജൂലൈ 2022 (20:03 IST)
2016ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിൽ ഏറ്റുമുട്ടുന്നു. അവസാന ഓവറിൽ വിജയിക്കാൻ വിൻഡീസിന് വേണ്ടത് 19 റൺസ്. ക്രിക്കറ്റിലെ ഏറ്റവും സമ്മർദ്ദമേറിയ ലോകകപ്പ് ഫൈനലിൻ്റെ അവസാന ഓവർ ഇംഗ്ലണ്ടിനായി എറിയാനെത്തുന്നത് ബെൻ സ്റ്റോക്സ്. ക്രിസ് ജോർദാനെന്ന ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ഉണ്ടായിരുന്നിട്ടും അവസാന ഓവർ സമ്മർദ്ദം ഏറ്റെടുക്കേണ്ടി വന്ന ബെൻ സ്റ്റോക്സിനോട് വിധി ഏറെ ക്രൂരമായാണ് പെരുമാറിയത്. കാർലോസ് ബ്രാത്‌വെയ്റ്റ് എന്ന കരിബീയൻ കരുത്തിന് മുന്നിൽ തുടർച്ചയായി സ്റ്റോക്സ് പരാജയപ്പെട്ടപ്പോൾ തുടർച്ചയായി നാല് സിക്സറുകൾ നേടികൊണ്ട് വിൻഡീസ് കിരീട ജേതാക്കളായി.
 
ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾ നഷ്ടപ്പെടുത്തിയ വില്ലൻ എന്ന നിലയിലേക്ക് ബെൻ സ്റ്റോക്സ് എന്ന ഓൾ റൗണ്ടർ എന്ന ഓൾ റൗണ്ടർ വീണപ്പോൾ സജീവ ക്രിക്കറ്റിൽ ഇനി അയാൾക്ക് ഏറെ കാലം നിലനിൽക്കാനാവില്ലെന്നാണ് ക്രിക്കറ്റ് ലോകവും വിലയിരുത്തിയത്. എന്നാൽ 2019ലെ ഏകദിന ലോകകപ്പ് വിജയത്തിൽ ഇംഗ്ലണ്ടിൻ്റെ നെടുന്തൂണായി മാറികൊണ്ടാണ് വിധിയോടുള്ള മധുരപ്രതികാരം സ്റ്റോക്സ് നിറവേറ്റിയത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായും സ്റ്റോക്സിൻ്റെ കരിയർ എഴുതിചേർക്കപ്പെട്ടു.
 
സമനിലയും കടന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശകരമായ പോരാട്ടമായിരുന്നു 2019ലെ ലോകകപ്പ് ഫൈനലിൽ നടന്നത്. 98 പന്തിൽ നിന്നും 84 റൺസുമായി ഇംഗ്ലണ്ടിനെ സമനിലയിലേക്കെത്തിച്ച സ്റ്റോക്സ് തന്നെയാണ് വീണ്ടും സൂപ്പർ ഓവറിനായി എത്തുന്നത്.ഇംഗ്ലണ്ടിനായി സ്റ്റോക്സും ബട്ട്‌ലറും ക്രീസിൽ സ്റ്റോക്സ് 3 പന്തിൽ നിന്നും എട്ടും ബട്ട്‌ലർ മൂന്ന് പന്തിൽ നിന്നും ഏഴും റൺസ് നേടി.
 
16 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനും നേടാനായത് 15 റൺസ്. എന്നാൽ കൂടുതൽ ബൗണ്ടറികൾ നേടിയതിൻ്റെ ബലത്തിൽ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കി. ഒരിക്കൽ ടി20 ലോകകപ്പ് പടിക്കൽ വെച്ച് നഷ്ടപ്പെടുത്തിയ ബെൻ സ്റ്റോക്സ് വില്ലനിൽ നിന്ന് ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് ഹീറോയായി മാറി.
 
സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത് സമീപകാലത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടറെയാണ്. മറ്റൊരു കാലിസായി ഇതിഹാസ ഓൾ റൗണ്ടർ എന്ന ഗണത്തിലെത്തേണ്ട പ്രതിഭയാണ് 31 വയസെന്ന ചെറുപ്രായത്തിൽ ഏകദിനത്തിൽ നിന്നും വിരമിക്കുന്നത്. 11 വർഷക്കാല ഏകദിന കരിയറിൽ 104 ഏകദിനങ്ങൾ 39.4 ശരാശരിയിൽ 2919 റൺസ്. ഇതിൽ 3 സെഞ്ചുറികൾ 21 അർധസെഞ്ചുറികൾ. 74 വിക്കറ്റ്. 61 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. എന്നാൽ കണക്കുകളേക്കാൾ ഉപരി ബെൻ സ്റ്റോക്സ് എന്ന ക്രിക്കറ്റർ ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ അനവധി. പ്രിയ സ്റ്റോക്സ് നിങ്ങൾ എന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സിലുണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍